ആളൂർ: പൂജയും ആത്മീയ കാര്യങ്ങളും പഠിക്കുന്നതിനായി ആശ്രമത്തിൽ താമസിച്ചിരുന്ന ആൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ സ്വാമിയെ കോടതി റിമാൻഡു ചെയ്തു. കൊറ്റനെല്ലൂർ ശിവഗിരി ബ്രഹ്മാനന്ദാലയം ആശ്രമത്തിലെ അന്തേവാസികളായ ഏഴ് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനങ്ങൾക്കിരയാക്കിയ ഇടുക്കി പെരുവന്താനം സ്വദേശി വേണാട്ട് വീട്ടിൽ സ്വാമി നാരായണ ധർമവ്രതൻ എന്ന താമരാക്ഷനെ(52) യാണ് കോടതി റിമാൻഡു ചെയതത്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിനു പോക്സോ വകുപ്പുപ്രകാരമാണ് സ്വാമിക്കെതിരെ ആളൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിലായിരുന്ന സ്വാമിയെ ചെന്നൈ തിരുത്താണിയിലെ അന്പല പരിസരത്തുനിന്നാണ് ആളൂർ എസ്ഐ വി.വി. വിമലും സംഘവും അറസ്റ്റു ചെയ്തത്.
ചെന്നെയിൽനിന്നു ട്രെയിൻമാർഗം ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ഇന്നലെ ഉച്ചക്ക് എത്തിച്ച പ്രതിയെ ആളൂർ സ്റ്റേഷനിൽ കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കൊറ്റനല്ലൂരിലെ ആശ്രമത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകീട്ട് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.
അഞ്ചു വർഷക്കാലമായി ധർമവ്രതൻ സ്വാമിയാണ് ആശ്രമത്തിന്റെ സെക്രട്ടറിയായി ചുമതല വഹിക്കുന്നത്. കുട്ടികൾക്കു വീട്ടിലേക്കു വിളിച്ച് വിഷമങ്ങൾ പറയാനുള്ള സാഹചര്യങ്ങൾ സ്വാമി കൊടുക്കാറില്ല. രാത്രി സമയങ്ങളിലും സ്കൂളവധിയിലായ പകൽ സമയത്തും ആണ്‍കുട്ടികളെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് സ്വാമി ലൈംഗികപരമായി പീഡിപ്പിച്ചിരുന്നത്. സ്വാമിക്കെതിരെ പരാതി നൽകിയ ഏഴു കുട്ടികളും വ്യത്യസ്മായ അനുഭവങ്ങളാണു പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്.
സ്വാമിക്കെതിരെ പരാതി പറയുന്ന കുട്ടികളെ ദേഹോപദ്രവമേൽപ്പിക്കുകയും ആശ്രമത്തിലെ ജോലികൾ ചെയ്യിപ്പിച്ച് പീഡിപ്പിക്കുകയും പതിവായിരുന്നു. സഹികെട്ട കുട്ടികൾ ആശ്രമത്തിലെ അടുക്കള ജോലിക്കാരിയുടെ മൊബൈൽ ഫോണിൽനിന്നും ചൈൽഡ് ലൈനിന്റെ നന്പറിൽ രഹസ്യമായി വിളിക്കുകയായിരുന്നു.
വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികൾ പഠിക്കുന്ന തുന്പൂർ ആർഎച്ച്എസ് സ്കൂളിൽവന്ന് കുട്ടികളെ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആളൂർ എസ്ഐ വിമലിനെ കാര്യം അറിയിക്കുകയും എസ്ഐയുടെ നേതൃത്വത്തിൽ ജൂണ്‍ 19ന് സ്കൂളിലെത്തി കുട്ടികളുടെ മൊഴിയെടുത്ത് കേസുകൾ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സ്വാമിക്കെതിരെ പോലീസ് ലുക്ക്ഒൗട്ട് നോട്ടീസും നൽകിയിരുന്നു.
പോലീസിന്റെ നീക്കം അറിഞ്ഞ ധർമവ്രതൻ ആശ്രമത്തിൽനിന്നും രക്ഷപ്പെട്ടു. ചെന്നൈയിലെത്തി വിവിധ ക്ഷേത്രങ്ങളിലും മറ്റും തങ്ങി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ക്ഷേത്ര പരിസരങ്ങളിൽ ഭിക്ഷയെടുത്തായിരുന്നു ജീവിതം.
പ്രതിയെ പിടികൂടാൻ തൃശൂർ റൂറൽ പോലീസ് മേധാവി എം.കെ. പുഷ്കരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിരുന്നു.
ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ ആളൂർ എസ്ഐ വി.വി. വിമൽ, അഡീഷണൽ എസ്ഐ ഇ.എസ്. ഡെന്നി, പ്രത്യേക സ്ക്വാഡംഗങ്ങളായ എസ്ഐ വത്സകുമാർ, എഎസ്ഐമാരായ സി.കെ. സുരേഷ്, കെ.കെ. രഘു, ജിനുമോൻ തച്ചേത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീശൻ മഠപ്പാട്ടിൽ, വി.യു. സിൽജോ, ഷിജോ തോമാസ്, പി.എം. മൂസ, കെ.ആർ. സീമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മൊബൈൽ കോൾ വിവരങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടാനായത്.