ഓക്‌സിജന്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേ ഒരു ജീവി പശുവാണ്! അമ്മയുടെ പാല്‍ കഴിഞ്ഞാല്‍ ഏറ്റവും ഉത്തമമായ പാലും അതുതന്നെ; പശുവിനെ മാതാവായി വാഴിക്കണമെന്ന് ഉത്തരാഖണ്ഡ് നിയമസഭ

ബിജെപിയുടെ പശു പ്രേമത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം ഇന്നത്തെ കാലത്ത് രാജ്യത്തെ ഒരാള്‍ക്കും നല്‍കേണ്ട കാര്യമില്ല. സമാനമായ രീതിയില്‍ പശുവിനെ ആരാധിക്കാനായി പ്രത്യേക നിയമ സംവിധാനം തന്നെ ഒരുക്കുകയാണ് ഉത്തരാഖണ്ഡ് ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. പശുവിനെ രാഷ്ട്രമാതാവായി വാഴിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഒരു പ്രമേയം തന്നെ പാസാക്കിയിരിക്കുകയാണ് ഉത്തരാഖണ്ഡ് നിയമസഭ.

ബിജെപി ഭരിക്കുന്ന സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്ര സര്‍ക്കാരിന് അയച്ചു കൊടുക്കും. സംസ്ഥാന മൃഗപരിപാലന വകുപ്പ് മന്ത്രി രേഖ ആര്യ ആണ് പശുവിനെ രാഷ്ട്രത്തിന്റെ അമ്മയായി പ്രഖ്യാപിക്കുന്ന പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. പ്രമേയം ഐകകണ്ഠ്യേനയാണ് പാസാക്കിയത്.

ഇക്കാര്യത്തില്‍ സഭയിലെ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ച് നിന്നു. അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ സ്വീകരിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന ഒരേ ഒരു ജീവി പശുവാണ്.’ പ്രമേയം അവതരിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. പശുവിന്റെ എല്ലാ ഭാഗങ്ങളെ കുറിച്ചുമുള്ള ഔഷധ ഗുണങ്ങളും മന്ത്രി അക്കമിട്ടു നിരത്തിയാണത്രെ പ്രമേയം അവതരിപ്പിച്ചത്.

മാതാവിന്റെ അവതാരമാണ് പശു. പശുവിന്‍ പാല്‍ കുഞ്ഞുങ്ങള്‍ക്ക് ഏറെ നല്ലതാണ്. അമ്മയുടെ പാല്‍ കഴിഞ്ഞ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്നതാണ് പശുവിന്‍ പാല്‍. രാജ്യമാതാവിന്റെ സ്ഥാനലബ്ധി കിട്ടുന്നതോടെ ഇന്ത്യ ഒന്നാകെ പശുക്കള്‍ പരിരക്ഷിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

Related posts