വടകര: സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കു മുല്ലപ്പള്ളി രാമചന്ദ്രൻ എത്തുന്പോൾ അത് സംശുദ്ധ രാഷ്ട്രീയത്തിന്റെ തെളിവാർന്ന ചുവടുവെപ്പായി. പാർട്ടിയിലും ഭരണത്തിലും ഒട്ടേറെ പദവികൾ അലങ്കരിച്ചിട്ടുള്ള മുല്ലപ്പള്ളിയെ പോലൊരു നേതാവ് കെപിസിസി പ്രസിഡന്റ് ആകണമെന്ന് കോണ്‍ഗ്രസ് അണികൾ ഏറെക്കാലമായി കൊതിച്ചിരിക്കുകയായിരുന്നു. മുല്ലപ്പള്ളിയുടെ സ്ഥാനലബ്ധിയിലൂടെ കോഴിക്കോടും വടകരയും ചോന്പാലയും ശ്രദ്ധിക്കപ്പെടുകയാണ്.
കുട്ടിക്കാലം മുതലേ കോണ്‍ഗ്രസിൽ അലിഞ്ഞു ചേർന്ന മുല്ലപ്പള്ളി വളർച്ചയുടെ പടവുകൾ കയറുകയായിരുന്നു. കഐസ്യുവിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന മുല്ലപ്പള്ളി പൊതുപ്രവർത്തനത്തിനൊപ്പം സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു .1946 ഏപ്രിൽ 15ന് അഴിയൂർ പഞ്ചായത്തിലെ ചോന്പാലയിൽ സ്വാതന്ത്ര്യ സമരസേനാനി മുല്ലപ്പള്ളി ഗോപാലന്റെയും പാറു അമ്മയുടെയും മകനായാണ് ജനനം.
പിതാവിന്റെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം മുല്ലപ്പള്ളി രാമചന്ദ്രനേയും സ്വാധീനിച്ചു. കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വവും സൗമ്യമായ ഇടപെടലുമാണ് അദ്ദേഹത്തെ ജനകീയനാക്കിയത്. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ തുടർച്ചയായി അഞ്ച് തവണയും വടകരയിൽ രണ്ട് തവണയും വിജയ കിരീടം ചൂടി. അഴിമതിക്കും അനീതിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവായാണ് മുല്ലപ്പള്ളിയെ വിശേഷിപ്പിക്കുന്നത്.
വിദ്യാർഥി രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന മുല്ലപ്പള്ളി മലബാറിലെ കഐസ്യുവിന്റെ തീപ്പൊരി നേതാവായിരുന്നു. എസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. 1968-ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. അഴിമതി ആരോപണ വിധേയനായ മന്ത്രി പി.ആർ.കുറുപ്പിനെ ചോന്പാലയിൽ കരിങ്കൊടി കാണിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മുല്ലപ്പള്ളിക്കു ഗുരുതര പരിക്കേറ്റിരുന്നു.
മടപ്പള്ളി ഗവ. കോളജിൽ ആദ്യമായി കഐസ്യു യൂനിറ്റ് കമ്മിറ്റി രൂപീകരിച്ചത് മുല്ലപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു. ഇതിനെ തുടർന്ന് മടപ്പള്ളിയിലെ പഠനകാലത്ത് നിരന്തരം ആക്രമണത്തിനിരയായിട്ടുണ്ട്. ഫാറൂഖ് കോളജിൽ വിദ്യാർഥി സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചപ്പോൾ വിലക്ക് ലംഘിച്ച് കഐസ്യു യൂനിറ്റ് രൂപീകരിച്ചതിന്റെ പേരിൽ മർദ്ദനത്തിനിരയാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. 1978-ൽ പാർട്ടി പിളർന്നപ്പോൾ യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ് മുല്ലപ്പള്ളിയായിരുന്നു. മൊറാർജി ദേശായ് സർക്കാരിന്റെ ദുർഭരണത്തിനെതിരെ കാസേർകാട് മുതൽ തിരുവനന്തപുരം വരെ മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ 58 ദിവസം നീണ്ട പദയാത്ര ശ്രദ്ധേയമായിരുന്നു.
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിന്റെ ചെയർമാനായി പ്രവർത്തിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടി പിളർന്നപ്പോൾ ഇന്ദിര ഗാന്ധിക്കൊപ്പം നിന്നു. 1984ൽ കണ്ണൂരിൽ നിന്ന് ആദ്യമായി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഇതേ വർഷം തന്നെയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇന്ദിരാ ഗാന്ധി നേരിട്ട് കെപിസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. 1988ൽ എഐസിസി ജോയന്റ് സെക്രട്ടറിയായി. പിന്നീട് കെപിസിസി ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി. ഒടുവിൽ എഐസിസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.
രാഹുൽ ഗാന്ധിയെ എഐസിസി അധ്യക്ഷനായതിന്റെ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചത് മുല്ലപ്പള്ളിയായിരുന്നു.
2014ൽ വടകരയിൽ നിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1991ൽ പിവി നരസിംഹറാവു മന്ത്രിസഭയിൽ കാർഷിക സഹമന്ത്രിയായും 2009ൽ ഡോ. മൻമോഹൻ സിങ്ങ് മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായും പ്രവർത്തിച്ചു. കോണ്‍ഗ്രസിലെ ഏറ്റവും മുതിർന്ന ലോകസഭ അംഗം കൂടിയായ മുല്ലപ്പള്ളി ഏഴ് തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം കോഴിക്കോട് ലോ കോളജിൽ നിന്നു നിയമ ബിരുദവും നേടി. തായാട്ട് ശങ്കരന്റെയും പി.പി.ഉമ്മർ കോയയുടെയും നേതൃത്വത്തിൽ കോഴിക്കോട് നിന്നു പുറത്തിറങ്ങിയ വിപ്ലവം ദിനപത്രത്തിൽ ചീഫ് സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.ക്യൂബയിലെ ഹവാനയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തു.
ഇന്ദിര ഗാന്ധിക്കും രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പം ദേശീയ തലത്തിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിച്ച ചുരുക്കം നേതാക്കളിൽ ഒരാളാണ് മുല്ലപ്പള്ളി. ജന്മനാടായ ചോന്പാൽ മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പിതാവ് മുല്ലപ്പള്ളി ഗോപാലന്റെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിനെ കൊണ്ടുവന്നപ്പോൾ മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയെ ഇതേ മൈതാനത്ത് കൊണ്ടുവന്നത് തികച്ചും യാദൃശ്ചികം. നെഹ്റു പങ്കെടുത്ത പൊതുസമ്മേളനത്തിന്റെ സാന്പത്തിക ബാധ്യത കാരണം മുല്ലപ്പള്ളി ഗോപാലന് തറവാട് വീട് വിൽക്കേണ്ടി വന്നത് ചരിത്രം.