ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ്വിലെ രണ്ടാമത്തെ ഗാനത്തിന് യൂട്യൂബില്‍ ഡിസ് ലൈക്ക് പെരുമഴ. വ്യാഴാഴ്ച വൈകിട്ട് പുറത്ത് വിട്ട ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഒരു ദിവസം കൊണ്ട് ഇരുപത്തയ്യായിരം ലൈക്കുകളും രണ്ട് ലക്ഷത്തിലധികം ഡിസ് ലൈക്കുകളും ലഭിച്ചു കഴിഞ്ഞത്. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കി കാണിച്ച സീനിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ പ്രിയ വാര്യര്‍ക്കെതിരെയാണ് കൂടുതല്‍ ട്രോളുകളും കമന്റുകളും.
പ്രിയ വാര്യര്‍, റോഷന് റൌഫ്, നൂറിന് ഷെരീഫ് എന്നിവര്‍ വേഗമേറിയ ഗാനത്തിന് ചുവട് വക്കുന്ന ഗാനരംഗം ഇതിനോടകം തന്നെ ട്രോളന്മാര് ആഘോഷമാക്കിയിരിക്കുകയാണ്. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ യൂട്യൂബില്‍ ഗാനത്തിന് ലഭിക്കുന്ന ഡിസ് ലൈക്കുകളും വര്‍ധിക്കുകയാണ്.
ഷാന്‍ റഹ്മാന് സംഗീതം നിര്‍വഹിച്ച ഗാനം പാടിയിരിക്കുന്നത് നീതുവും ഗാനത്തിന്റെ രചയിതാവ് സത്യജിത്തും ചേര്‍ന്നാണ്. കമന്റ് ബോക്സും ഗാനത്തിനെതിരെയുള്ള അഭിപ്രായങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരെ നേരത്തെ വലിയ വിമര്‍ശനങ്ങളാണു ഉയര്‍ന്നിരുന്നത്. സംവിധായകനായ ഒമര്‍ലുലുവിനും പ്രിയവാര്യര്‍ക്കും എതിരെ കേസുമുണ്ടായിരുന്നു. ഗാനം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു കേസ്. എന്നാല്‍ സുപ്രീകോടതി ഈ വാദം തള്ളുകയായിരുന്നു.