അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 136 റൺസിന്റെ വമ്പൻ ജയം. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 255 റണ്‍സിന് പുറത്തായ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 42.1 ഓവറിൽ 119 റൺസിന് പുറത്തായി. മികച്ച ഓൾറൗണ്ട് പ്രകടനം നടത്തിയ റഷീദ് ഖാനാണ് കളിയിലെ താരം.
ഹഷ്മതുള്ള ഷാഹിദിയുടെയും(58) റാഷീദ് ഖാന്റെയും(32 പന്തിൽ 57) ബാറ്റിംഗിന്റെ കരുത്തിലായിരുന്നു അഫ്ഗാൻ 255 റണ്‍സെടുത്തത്. 42 റണ്‍സുമായി ഗുൽബാദിൻ നബിയും പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റിൽ റഷീദും നബിയും പുറത്താകാതെ 95 റണ്‍സ് നേടി. ഷക്കിബ് അൽ ഹസൻ നാല് വിക്കറ്റും പുതുമുഖ താരം അബു ഹൈദർ റോണി രണ്ടു വിക്കറ്റും റൂബൽ ഹുസൈൻ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് അഫ്ഗാന്റെ ബൗളർമാർക്ക് മുമ്പിൽ തകർന്നടിഞ്ഞു. 17 റൺസിനിടെ ഓപ്പണർമാരായ ലിന്റൺ ദാസും(6) നസ്മുൽ ഹൊസൈൻ ഷാന്റോയും(7) പുറത്തായി. നിലയുറപ്പിക്കാൻ കഴിയാതെ പിന്നാലെ എത്തിയവരും മടങ്ങിയതോടെ ബംഗ്ലാദേശ് തോൽവി ഏറ്റുവാങ്ങി. 32 റൺസെടുത്ത ഷക്കിബ് അൽ ഹസനാണ് ടോപ് സ്കോറർ. അഫ്ഗാനായി റാഷീദ് ഖാൻ, നബി, മുജീബ് ഉർ റഹ്മാൻ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.