കോട്ടയം : ജലന്തർ ബിഷപ്പിനെതിരേ നാലു കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തുന്ന സത്യഗ്രഹം ഹൈജാക്ക് ചെയ്യാൻ നീക്കം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിഷപ്പു കേസും സ്ത്രീ സുരക്ഷാ നയവും എന്ന പേരിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരി ആഞ്ഞടിച്ചിരിക്കുന്നത്.
ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നാല് കന്യസ്ത്രീകൾ കൊച്ചിയിൽ സത്യഗ്രഹം നടത്തുകയാണ്. അതിനെ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ടവർ പിന്തുണയ്ക്കുന്നുണ്ട്. ഈ സമരത്തെ ഒരു സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാൻ ചില ശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്.
കന്യാസ്ത്രീ സമത്തിന്റെ മറവിൽ എൽഡിഎഫ് സർക്കാരിനും സിപിഎമ്മിനുമെതിരേ രാഷ്ട്രീയ വിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയ ശക്തികൾ കന്യാസ്ത്രീ സമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാന വ്യാപകമായി സമര പരന്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾ തിരിച്ചറിയണം.
ജലന്തർ ബിഷപ്പിനെതിരേ കന്യാസ്ത്രീകൾ നല്കിയ പീഡന പരാതിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുകയും ക്രൈസ്തവ സഭയെത്തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുണ്ട്. അത്തരം വർഗീയ ശക്തികളെ തിരിച്ചറിയണം.
ഒരു ബിഷപ് കേസിൽ ഉൾപ്പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ദുരുദ്ദേശപരമാണ്. ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാൻ നിലകൊള്ളുന്ന വർഗീയ ശക്തികളുടെ ഇമ്മാതിരി വകതിരിവുകളെല്ലാം തുറന്നുകാട്ടണം. ബിഷപ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതായും അത് വോട്ട് ലാക്കാക്കിയാണെന്നും ചില കൂട്ടർ തട്ടിവിടുന്നുണ്ട്.
സ്ത്രീ പീഡന കേസുകളിൽ ഉൾപ്പെടുന്നവർ ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും പോലീസ് – നിയമ – ഭരണ ചക്രങ്ങൾ ഉരുളുന്നതിൽ ഒരു ദയാ ദാക്ഷിണ്യവും എൽഡിഎഫ് ഭരണത്തിനുണ്ടാവില്ല. തെളിവില്ലാത്ത കേസുകളിൽ ആരെയും കുടുക്കുകയുമില്ല. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരള പോലീസിന്റെ അന്വേഷണ സംഘം ബുധനാഴ്ച ഏഴുമണിക്കൂർ ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യൽ വ്യാഴാഴ്ചയും തുടർന്നു. ഇനി അനന്തര നിയമനടപടികളിലേക്ക് കടക്കുകയാണ്. കേസന്വേഷണത്തിൽ പൂർണ സ്വാതന്ത്ര്യമാണ് എൽഡിഎഫ് സർക്കാർ പോലീസിന് നൽകിയിട്ടുള്ളത്. പരാതിക്ക് അടിസ്ഥാനമായ സംഭവം നാലുവർഷം മുന്പുണ്ടായതാണ്.
അതുകൊണ്ടുതന്നെ നിയമപരമായ മുൻകരുതലോ തെളിവുശേഖരണമോ കൂടുതൽ ജാഗ്രതയോടെയോ ശാസ്ത്രീയമായും നടത്താനുള്ള ഉത്തരവാദിത്വം അന്വേഷണ സംഘത്തിനുണ്ട്. തെളിവുശേഖരിക്കലും മൊഴിയെടുക്കലും ഞൊടിയിടയിൽ നടത്താവുന്നതല്ല. അതിനാലാണ് ബിഷപ്പിന്റെ അറസ്റ്റിനായുള്ള ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി പോലീസ് ഇതുവരെ സ്വീകരിച്ചുവെന്ന നടപടികൾ തൃപ്തി രേഖപ്പെടുത്തിയത്.
സ്ത്രീകൾക്കെതിരായ എല്ലാവിധ അതിക്രമങ്ങൾക്കും നേരേ അതിശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. ഈ നയം തന്നെയാണ് കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പിനെതിരായ കേസിലും സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ലേഖനത്തിൽ പറയുന്നു.