ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി ഏര്‍പ്പെടുത്തിയ സാലറി ചലഞ്ചിനുനേരെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും മുഖം തിരിക്കുകയാണ്. തങ്ങളുടെ പരാധീനതകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പലരും ചലഞ്ചിനോട് നോ പറയുന്നത്.
എന്നാല്‍ എല്ലാം ഉള്ളപ്പോള്‍, അല്ലെങ്കില്‍ എല്ലാം തികഞ്ഞ അവസ്ഥയിലല്ല മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യേണ്ടത്, മറിച്ച് ഇല്ലായ്മയില്‍ നിന്നാണെന്നതിന് ഉദാഹരണവും തെളിവുമാകുകയാണ് തമിഴ്‌നാട് സ്വദേശിനിയായ ഒരു സ്ത്രീ.
ആക്രി സാധനങ്ങള്‍ ശേഖരിച്ച് വിറ്റ് കിട്ടിയ പണം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് തമിഴ്നാട് സ്വദേശിനി തിലക മാതൃകയായത്. ഒരു ദിവസത്തെ അധ്വാനത്തന്റെ വിലയായ 1500 രൂപയാണ് തിലക അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത് കാരക്കലിന് കൈമാറിയത്.
തിലകയുടെ കുടുംബത്തിന്റെ പൂര്‍ണ്ണസമ്മതത്തോടെയാണ് തുക കൈമാറിയത്. പൊള്ളാച്ചിയില്‍ നിന്ന് കേരളത്തിലേക്കെത്തിയ തിലകയുടെ കുടുംബം 20 വര്‍ഷമായി ആക്രി പെറുക്കിയാണ് ജീവിക്കുന്നത്. ഭര്‍ത്താവ് മാരിയപ്പന്‍ നാലുമാസം മുന്‍പ് വൃക്ക രോഗം മൂലം മരിച്ചു. നാല് മക്കളില്‍ മൂത്ത മകള്‍ മാത്രമാണ് തിലകക്കൊപ്പം താമസിക്കുന്നത്. മറ്റു മൂന്ന് കുട്ടികളും ആലുവ ജനസേവ ശിശുഭവനില്‍ താമസിച്ച് പഠിക്കുകയാണ്.
മൂത്ത മകള്‍ മസാണിയുമൊത്ത കാക്കഴം കമ്പിവളപ്പില്‍ ചെറിയൊരു വാടകവീട്ടിലാണ് ഇവര്‍ താമസം. എളിമ പുരുഷ സഹായ സംഘത്തിന്റെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചില്‍ പങ്കെടുക്കാന്‍ വിമുഖത കാണിച്ച് പല കോണുകളില്‍ നിന്നും അഭിപ്രായങ്ങളുയരുന്ന സാഹചര്യത്തിലാണ് ആക്രി കച്ചവടം നടത്തി ജീവിക്കുന്ന തിലകയുടെയും കുടുംബത്തിന്റെയും ഈ പ്രവൃത്തിയെന്നത് മലയാളികള്‍ക്ക് ഒരു പാഠം കൂടിയാണ്.