പത്തനംതിട്ട: ഒരു മാസത്തെ ശന്പളം മുഴുവനായി നൽകാൻ കഴിയാത്ത ജീവനക്കാർ എഴുതി നൽകുന്ന വിസമ്മതപ്രതം സ്വീകരിക്കാത്ത ചില ഓഫീസ് മേധാവികൾ നിർബന്ധിച്ച് ശന്പളം പിടിച്ചെടുക്കുകയാണെന്നും അല്ലാത്തവരെ ഭരണാനുകൂല സംഘടനാ നേതാക്കൾ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയും നിർബന്ധിത ശന്പളപ്പിരിവിലൂടെ ജീവനക്കാരെ വേട്ടയാടുകയാണെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. അരവിന്ദൻ. എൻജിഒ സംഘ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാവും പകലും പങ്കാളികളാകുകയും വിവിധ ഫണ്ട് ശേഖരണങ്ങളിൽ കഴിയുന്നത്ര തുക നൽകുകയും ചെയ്ത ജീവനക്കാരെ പ്രളയത്തിന്റെ മറവിൽ കൊള്ളയടിക്കാനുള്ള ശ്രമം എന്തുവിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവംഗം സി. സുരേഷ്കുമാർ, ജില്ലാ സെക്രട്ടറി എസ്. രാജേഷ്, ജില്ലാ ട്രഷറർ എസ്. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.