തിരുവല്ല: സൻമനസുള്ളവർക്ക് മാത്രമേ സൽപ്രവൃത്തികൾ ചെയ്യാൻ കഴിയുകയുള്ളൂവെന്ന് തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും യുആർഐ പീസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ജലപ്രളയത്തിൽ ദുരിതത്തിൽ അകപ്പെട്ട ജനങ്ങളെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കാൻ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
പ്രളയപ്രദേശത്തെ ജനങ്ങളെ രക്ഷപ്പെടുത്തിയ കടൽമാലാഖകളായ മത്സ്യത്തൊഴിലാളികളോട് കേരള സമൂഹം എന്നും കടപ്പെട്ടിരിക്കുകയാണ്. ഇവർ അവസരത്തിനൊത്ത് ഉണർന്ന് പ്രവർത്തിച്ചതുകൊണ്ടാണ് അനേകരുടെ ജീവൻ രക്ഷിക്കാനായതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി.ജോൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പിറ്റർ ജാക്സൺ, സാം ഈപ്പൻ, ജോസഫ് ചാക്കോ, ഈപ്പൻ കുര്യൻ, സി. ഫ്രാൻസിസ്, റ്റി.എസ്. ആന്റണി, മാത്യു ചാണ്ടി എന്നിവർ പ്രസംഗിച്ചു.