പ്രളയ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനഃസൃഷ്ടിക്കാന്‍ എല്ലാവരും കിണഞ്ഞു പരിശ്രമിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിനു സഹായമെത്തുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ പത്തനംതിട്ട ഗവിയിലെ ആദിവാസി സമൂഹം ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ സംഭാവന ശ്രദ്ധേയമാവുകയാണ്. കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായാണ് ആദിവാസി കുടുംബങ്ങള്‍ സംഭാവന നല്‍കിയത്.
പഞ്ചായത്ത് പ്രസിഡന്റ് ലേഖാ സുരേഷ് നേരിട്ടെത്തിയാണ് ആദിവാസി കുടുംബങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചത്. സീതത്തോട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡാണ് ഗവി. ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഇവിടേക്കുള്ള റോഡുകള്‍ കനത്തമഴയില്‍ ഒലിച്ചുപോയതിനാല്‍ വിനോദസഞ്ചാരം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്.