സംസാരിക്കാന്‍ മാത്രം കഴിവുള്ളവര്‍ അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം ഇടാമെന്ന് പറഞ്ഞ് പറ്റിച്ചതുപോലെയല്ല ഇത്! കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി രാഹുല്‍ഗാന്ധി പറയുന്നതിങ്ങനെ

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബിജെപി സര്‍ക്കാരിനുമെതിരെ വിമര്‍ശന ശരങ്ങളുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ഓരോ വ്യക്തികളുടേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപയിടാമെന്ന് പറഞ്ഞ് മോദി പറ്റിച്ചതുപോലെ തങ്ങള്‍ ആരേയും പറ്റിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

‘അദ്ദേഹം നല്‍കിയ വ്യാജ വാഗ്ദാനങ്ങളൊക്കെ നിങ്ങള്‍ കേട്ടതാണ്. നിങ്ങള്‍ ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ അക്കൗണ്ടില്‍ കിട്ടിയോ? കിട്ടിയോ ഇല്ലയോ പറയൂ..മോദിയെ പോലെ ഇത്തരം വ്യാജ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കില്ല. ‘- രാജസ്ഥാനിലെ ദന്‍ഗാര്‍പൂറില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കവേ രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ചെയ്തു തരാവുന്ന എല്ലാ സഹായവും ഞങ്ങള്‍ ചെയ്യും. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരെ മനസിലാക്കി അവര്‍ക്ക് വേണ്ടത് ചെയ്യും. അതാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. രാഹുല്‍ പറഞ്ഞു.

2014 ലെ തെരഞ്ഞെടുപ്പ് പ്രചരണസമയത്തായിരുന്നു സ്വിസ് ബാങ്കുകളില്‍ ഉള്‍പ്പെടെ നിക്ഷേപിച്ച രാജ്യത്തെ മൊത്തം കള്ളപ്പണവും പിടിച്ചെടുത്ത് ഓരോരുത്തരുടേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് മോദി വാഗ്ദാനം ചെയ്തത്.

കള്ളപ്പണം തിരിച്ചുപിടിക്കാനെന്ന് പറഞ്ഞായിരുന്നു മോദി നോട്ട് നിരോധനം തന്നെ നടപ്പിലാക്കിയത്. എന്നാല്‍ വിനിമയത്തിലായിരുന്ന 99 ശതമാനത്തിലേറെ നോട്ടുകളും തിരിച്ചെത്തിയെന്ന ആര്‍.ബി.ഐ റിപ്പോര്‍ട്ട് കേന്ദ്രത്തിന് വലിയ തിരിച്ചടി നല്‍കുന്നതായിരുന്നു.

മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയേയും രാഹുല്‍ വിമര്‍ശിച്ചു. ഇന്ത്യയില്‍ വിറ്റഴിക്കേണ്ട വസ്തുക്കള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇവിടെ ലഭ്യമാകുന്ന എല്ലാ വസ്തുക്കളും മെയ്ഡ് ഇന്‍ ചൈനയാണ്.

ഇന്ത്യയിലേയും ചൈനയിലേയും തൊഴില്‍നിരക്ക് നോക്കിയാല്‍ ഒരു കാര്യം മനസിലാകും. ഇന്ത്യ 450 തൊഴില്‍ അവസരങ്ങള്‍ ഒരു ദിവസം ഉണ്ടാകുമ്പോള്‍ ചൈനയില്‍ അത് 50,000 ആണ്. രാഹുല്‍ പറഞ്ഞു.

മോദിക്ക് മന്‍ കി ബാത്ത് മാത്രമേ അറിയൂ. നമ്മുടെ മന്‍ കി ബാത്ത് എന്താണെന്ന് അറിയാന്‍ അദ്ദേഹത്തിന് ഒട്ടും താത്പര്യമില്ല. രാഹുല്‍ പറഞ്ഞു. എല്ലായിടത്തും ഒച്ചപ്പാടാണെന്നും രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കാവല്‍ക്കാരന്‍ എന്നര്‍ത്ഥം വരുന്ന ചൗക്കീദാര്‍ എന്ന വാക്കുപയോഗിച്ചാണ് മോദി പലപ്പോഴും സ്വയം വിശേഷിപ്പിക്കാറുള്ളത്. ജീവിതത്തില്‍ ഒരു വിമാനം പോലും ഉണ്ടാക്കി പരിചയമില്ലാത്ത അംബാനിക്കാണ് മോദി റാഫേല്‍ കരാര്‍ നല്‍കിയതെന്നും കരാര്‍ അംബാനിക്ക് കൊടുക്കുന്നതിന് മുമ്പ് പ്രതിരോധമന്ത്രിയോട് പോലും മോദി ചോദിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു.

Related posts