സ്വന്തം ലേഖകൻ
ചാലക്കുടി: പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ചാലക്കുടിയിലെത്തി. നീതി ആയോഗ് അഡ്വൈസർ ഡോ. യോഗേഷ് ഷൂരി, കുടിവെള്ള വിതരണ-സാനിറ്റേഷൻ മന്ത്രാലയം അഡീഷണൽ അഡ്വൈസർ ഡോ. ദിനേഷ്ചന്ദ്, റോഡ് ഗതാഗതം-ഹൈവേ തിരുവനന്തപുരം റീജിയണൽ ഓഫീസർ വി.വി. ശാസ്ത്രി എന്നിവരാണ് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയിരിക്കുന്നത്.
ടൗണിലെ ഹോട്ടൽ ഓഡിറ്റോറിയത്തിൽ എത്തിയ മൂന്നംഘ കേന്ദ്രസംഘത്തെ ജില്ലയിലെ കെടുതികളെകുറിച്ച് ജില്ലാ കളക്ടർ ടി.വി. അനുപമ കാര്യങ്ങൾ വിവരിച്ചു. കെടുതികളുടെ ദൃശ്യങ്ങളും കേന്ദ്രസംഘത്തെ കാണിച്ചു. തൃശൂർ ജില്ലയിൽ 2014 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കളക്ടർ കേന്ദ്രസംഘത്തെ അറിയിച്ചു. ജില്ലയിൽ പ്രളയത്തിൽ 28 മരണങ്ങൾ സംഭവിച്ചതായും അവർ പറഞ്ഞു.
കേന്ദ്രസംഘം വിവിധ വകുപ്പ് മേധാവികളുടമായി നാശനഷ്ടങ്ങളെകുറിച്ച് ചർച്ചനടത്തി. ഇതിനുശേഷം പ്രളയത്തിൽ 22 കോടിരൂപയുടെ നാശനഷ്ടം സംഭവിച്ച ചാലക്കുടി താലൂക്ക് ആശുപത്രിയും കേന്ദ്രസംഘം സന്ദർശിച്ചു.കാടുകുറ്റി പഞ്ചായത്തിലെ തൈക്കൂട്ടം തൂക്കുപാലം, വൈന്തലയിലെ ജാതിത്തോട്ടം എന്നിവ സന്ദർശിച്ച ശേഷം ഇവർ കൊടുങ്ങല്ലൂരിലേക്ക് പോയി.ഉച്ചയ്ക്കു ശേഷം തൃശൂർ മേഖലയിലെ പ്രളയബാധിത പ്രദേശങ്ങളും കേന്ദ്രം സന്ദർശിക്കും.