കൊല്ലം :പേരൂർ സ്വദേശി രഞ്ജിത്ത് ജോണിനെ കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പടെ നാലുപേർ തമിഴ്നാട്ടിലെ പുതുച്ചേരിയിൽ പിടിയിലായി.ഇവരെ ഇന്ന് വൈകുന്നേരത്തോടെ കിളികൊല്ലൂർ സ്റ്റേഷനിൽ എത്തിക്കും.
മുഖ്യപ്രതി പാന്പ് മനോജ് എന്നറിയപ്പെടുന്ന മനോജ്, നെടുങ്ങോലം സ്വദേശി ഉണ്ണി, കുക്കു എന്നിവരെ കൂടാതെ ഉണ്ണിയുമായി അടുപ്പമുള്ള മിനിയുമാണ് പിടിയിലായത്. കിളികൊല്ലൂർ ക്രൈം എസ്ഐ അനിൽകുമാർ, ഷാഡോ പോലീസ് എസ്ഐ വിപിൻകുമാർ, ആർ.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളുമായി പോലീസ് സംഘം കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സംഘം പുതുച്ചേരിയിലുള്ള ഒരു ലോഡ്ജിൽ ഉള്ളതായി വിവരം ലഭിച്ചതിനെതുടർന്ന് പോലീസ് ലോഡ്ജ് വളഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിളെ ഇന്ന് രാത്രിയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.