സ്വന്തം ലേഖകന്‍
കോഴിക്കോട്: പുത്തന്ഫോണുകളാണ് , വാറണ്ടിയുണ്ടോ…പറഞ്ഞിട്ടൊന്നും കാര്യമില്ല സര്‍വീസ് സെന്ററുകളില്‍ പകല്‍ക്കൊള്ള തകൃതിയാണ്. പുത്തന്‍ ഫോണുകളുടെ അംഗീകൃത സര്‍വീസ് സെന്ററുകളില്‍പോലും ഇതാണ് അവസ്ഥ. വെള്ളം കയറിയാലോ വീണുപൊട്ടിയാലോ ഒരു കമ്പനിയും വാറണ്ടി നല്‍കില്ല. അത് അംഗീകരിക്കാം.പക്ഷെ സംഭവിക്കുന്നതോ.. ഫോണ്‍ ഹാങ്ങായാല്പോലും വാറണ്ടി ലഭിക്കാത്ത അവസ്ഥയാണ്.
എങ്ങനെ ഉടമകളില്‍ നിന്നും പണം ഈടാക്കാം എന്നാണ് ചിന്ത. കഴിഞ്ഞ ദിവസം പാളയം അപസ്ര തിയറ്ററിനു സമീപത്തെ റെഡ്മി അംഗീകൃത ഷോറൂമില്‍ ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ എത്തിയ വീട്ടമ്മയ്ക്കാണ് ദുരനുഭവമുണ്ടായത്. വാറണ്ടിയുള്ള ഫോണ്‍ നന്നാക്കിയതിന് 550 രൂപയാണ് ഈടാക്കിയത്. അതിനു പറഞ്ഞ കാരണമാണ് ഏറെ രസകരം… എംഐ പാസ്വേര്ഡ് വേണം പോലും.
ഇങ്ങനെയൊരു പാസ്വേര്ഡ് ഉപയോഗിച്ചിട്ടില്ലെന്ന് അറിയിച്ചെങ്കിലും അതുണ്ടെങ്കിലേ ഫോണ്‍ ഓണ്‍ ചെയ്യാന്‍ പറ്റുകയുള്ളുവെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്. ഒടുവില്‍ ഇല്ലാത്ത പാസ്വേര്ഡ് നല്‍കാനാകില്ലെന്ന് പറഞ്ഞപ്പോള്‍ 550 രൂപ തന്നാല്‍ റിക്കവര്‍ ചെയ്യാമെന്നായി ടെക്നീഷൻ. ഒടുവില്‍ നിവൃത്തിയില്ലാതെ ഇവര്‍ക്ക് 550 രൂപ നല്‍കേണ്ടിവന്നു. ഇത് ഒരാളുടെമാത്രം അവസ്ഥയല്ല മിക്കവര്‍ക്കും ഇത്തരത്തിലുള്ള ദുര്‍ഗതി നേരിട്ടിട്ടുണ്ട്.
ഫോണ്‍ നന്നാക്കി വരുമ്പോള്‍ ഫോണിനേക്കാള്‍ വലിയ വിലയുണ്ടാകുന്ന അവസ്ഥയും ഉണ്ട്. ഫോണ്‍ ഡെഡ് സ്റ്റാറ്റസില്‍ സര്‍വീസ് സെന്ററുകളില്‍ എത്തിക്കുമ്പോഴാണ് ഇത്തരം കൊള്ള. പുത്തന്‍ ഫോണുകളില്‍ ഇന്‍ബില്‍ട്ട് ബാറ്ററി ആയതിനാല്‍ തന്നെ ഉപയോക്താവിന് ഫോണ്‍ അഴിച്ചുനോക്കാനാവില്ല. ഇതുമൂലം കമ്പനി പറയുന്നത് വിശ്വസിക്കേണ്ട അവസ്ഥയിലാണ് ഉപയോക്താക്കള്‍. മുന്‍ നിരകമ്പനികളെല്ലാം ഉപയോക്താക്കളെ പിഴിയുന്നതില്‍ മുന്‍പന്തിയിലാണ്.
ഓണ്‍ ലൈനില്‍ മൊബൈല്‍ വാങ്ങുന്നവരെയാണെങ്കില് സര്‍വീസ് സെന്ററുകളില്‍ നിന്ന് എങ്ങിനെ ഒഴിവാക്കാമെന്നാണ് അധികൃതര്‍ ചിന്തിക്കുന്നത്. ഇവരോട് വാറണ്ടിവേണമെങ്കില് ഓണ്‍ലൈന്‍ ബില്ല് കൊണ്ടുവരാനാണ് ആവശ്യപ്പെടുന്നത്. ഈ ബില്‍ നഷ്ടപ്പെട്ടാല്‍ വാറണ്ടി ലഭിക്കുകയുമില്ല. ഫോണിനുപിന്നിലുള്ള കോഡ് നോക്കിയാല്‍ തന്നെ മെബൈല്വാറണ്ടിയുള്ളതാണോ, കലപ്പഴക്കം എത്ര എന്നീ കാര്യങ്ങള്‍ മനസിലാക്കാമെന്നിരിക്കേയാണ് സാങ്കേതികത്വം പറഞ്ഞ് ‘ബില്ലില്ലെങ്കില്‍ വാറണ്ടിയുമില്ല’എന്ന നിലപാട് സ്വീകരിക്കുന്നത്.
സര്‍വീസ് സെന്ററുകളില്‍ നിന്നും പറയുതിന്റെ പകുതി വിലയ്ക്ക് പുറത്ത് മൊബൈല്‍ നന്നാക്കാന്‍ പറ്റും. പക്ഷെ കമ്പനി വാറണ്ടിയുള്ളപ്പോള് അതിന് ആരും മുതിരാറില്ല . എന്തായാലും സര്‍വീസ് സെന്ററുകളിലെ പകല്ക്കൊള്ളക്കെതിരേ സംഘടിക്കാനുള്ള തീരുമാനത്തിലാണ് ഉപയോക്താക്കള്‍ . അതേസമയം സോഫ്റ്റ് വെയര്മാറ്റിചെയ്യുന്നതിനാലാണ് ഇത്രയും തുക എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
എന്നാല്‍ സോഫ്റ്റ്വെയറും ഹാര്‍ഡ് വെയറും ഉള്പ്പെടെയാണല്ലോ വാറണ്ടി എന്നചോദ്യത്തിന് ഇവര്‍ക്ക് ഉത്തരമില്ല.വിഷയം മൊബൈല്‍ വാങ്ങിയ ഡീലറെ അറിയിച്ചെങ്കിലും ഓരോ കമ്പനിക്കും ഓരോ രീതിയല്ലേ എന്ന് ചോദിച്ച് കയ്യൊഴിയുകയായിരുന്നു. മിക്ക ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും കാര്യത്തിൽ ഇതേവിധം പകൽകൊള്ള തുടരുന്നു. ഉപഭോകതൃ കോടതിയെ സമീപിച്ച് പലരും പരിഹാരം ഉറപ്പാക്കാറുണ്ടെങ്കിലും കേസ് നടത്തുന്നതിലെ കാലദൈർഘ്യം കണക്കിലെടുത്ത് ഭൂരിഭാഗവും ഇതിനു മുതിരാറില്ല.