ഗാന്ധിനഗര്‍: ഇന്ത്യയില്‍ സിംഹങ്ങള്‍ കാണുന്ന ഏകവനമായ ഗിര്‍വനത്തില്‍ സിംഹങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. 11 സിംഹങ്ങളെ ചത്തനിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.സംഭവത്തില്‍ അസ്വഭാവികത ഇല്ലെന്ന് വനംവകുപ്പ് പറയുമ്പോള്‍ അതിന് വിരുദ്ധമായ നിലപാടാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. വിഷയം ചര്‍ച്ചയായതോടെ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പതിനൊന്ന് ദിവസത്തിനുള്ളില്‍ 11 സിംഹങ്ങളെയാണ് ഗിര്‍വനത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. പരസ്പരമുള്ള ഏറ്റുമുട്ടലിനെത്തുടര്ന്നുണ്ടാകുന്ന മുറിവുകളാണ് സിംഹങ്ങള്‍ ചത്തൊടുങ്ങാന്‍ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മൂന്നോ നാലോ വര്‍ഷമായി തുടര്‍ന്നുവരുന്ന പ്രവണതയാണ് ഇതെന്നും അസ്വാഭാവികതയില്ലെന്നുമാണ് വനംവകുപ്പ് പിസിസിഎഫ് എ.കെ.സക്സേന പറഞ്ഞത്. എന്നാല്‍, സിംഹങ്ങളില്‍ ഭൂരിഭാഗവും ചത്തൊടുങ്ങിയത് ശ്വാസകോശ അണുബാധയെത്തുടര്ന്നാണെന്ന് വെറ്റെറിനറി ഫോറസ്റ്റ് ഓഫീസര്‍ ഹിതേഷ് വംജ പറയുന്നു. ചില സിംഹങ്ങളില്‍ അണുബാധ മറ്റ് ആന്തരികാവയവങ്ങളിലേക്ക് പടര്‍ന്നിരുന്നു.
ഗിര്‍ വനത്തിലെ മറ്റ് സിംഹങ്ങള്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെയ്പുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സിംഹങ്ങളുടെ ശവശരീരങ്ങളില്‍ നിന്നെടുത്ത സ്രവസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ വി.എം.ചൗധരി പറഞ്ഞു. വനംവകുപ്പ് പിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. 2015ലെ സെന്‍സസ് പ്രകാരം ഗീര്‍വനത്തില്‍ 520 സിംഹങ്ങളുണ്ടെന്നാണ് കണക്ക്.