പ്രളയത്തിനുശേഷം കേരളത്തില്‍ ശക്തമായ മഴ വീണ്ടുമെത്തുന്നു! 25 ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത അറിയിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും

ഓഗസ്റ്റ് പകുതിയോടെ കേരളത്തില്‍ ഉണ്ടായ പ്രളയം വരുത്തിയ ഭീകരതയില്‍ നിന്ന് കരകയറുന്നതിന് മുമ്പുതന്നെ കേരളത്തിലേയ്ക്ക് കനത്ത മഴ വീണ്ടും എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 25 ന് സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.

ഒഡിഷയില്‍ കനത്ത മഴയ്ക്ക് കാരണമായ ‘ദായേ’ ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിലുണ്ടാവില്ല. എന്നാല്‍, മാറിവരുന്ന സാഹചര്യങ്ങള്‍ കാരണം 25-ന് കേരളത്തില്‍ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

25-ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ‘േെയല്ലാ അലര്‍ട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 24 മണിക്കൂറിനിടെ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴ പെയ്യുമെന്നാണ് പ്രവചനം. കാലാവസ്ഥാ സാഹചര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നാണ് യെല്ലോ അലര്‍ട്ട് അര്‍ഥമാക്കുന്നത്.

മഴയ്ക്ക് കാരണമാവുന്ന മേഘങ്ങളുടെ സമൂഹം ശാന്തസമുദ്രത്തില്‍ സജീവമാവുന്ന അവസ്ഥയാണ് അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്. ഇതാണ് മഴയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. ഇടിയോടുകൂടിയുള്ള മഴയ്ക്കും ഈ ദിവസങ്ങളില്‍ സാധ്യതയുണ്ട്. കേരളത്തിലും ശ്രീലങ്കയിലും മഴയ്ക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ട്.

അതേസമയം ഇരുപത്തി അഞ്ചാം തിയതി വരെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണുള്ളത്. വടക്കന്‍ ജില്ലകളില്‍ വരണ്ട കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കര്‍ണാടകം മുതല്‍ കന്യാകുമാരിവരെ ന്യൂനമര്‍ദപാത്തി രൂപംകൊള്ളാന്‍ സാധ്യതയുണ്ട്. ശ്രീലങ്കയില്‍നിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷച്ചുഴിയും രൂപംകൊള്ളും. ഇത് കേരളത്തില്‍ കൂടുതല്‍ മഴപെയ്യാന്‍ അനുകൂലമാണ്. ഇതാണ് 25-ന് കേരളത്തില്‍ ശക്തമായ മഴ പ്രവചിക്കാന്‍ അടിസ്ഥാനമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.

Related posts