കോട്ടയം: ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കോട്ടയം നഗരത്തിലെ പിങ്ക് പോലീസിന്റെ രാത്രി ഡ്യൂട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്ത്രീ സുരക്ഷയ്ക്കു മുൻതൂക്കം നല്കുന്നതിനായി സംസ്ഥാനത്ത് ആവിഷ്കരിച്ചതാണു പിങ്ക് പോലീസ് സംവിധാനം.
കോട്ടയത്ത് പിങ്ക് പോലീസ് സംവിധാനം ആരംഭിക്കുന്പോൾ വാഹനത്തിൽ എസ്ഐ ഉൾപ്പെടെ നാലു വനിതാ പോലീസുകാർ ഒരുസമയം ഡ്യൂട്ടിയിലുണ്ടായിരുന്നു. പീന്നിട് കോട്ടയം പിങ്ക് പോലീസ് ടീമിലെ നാലു വനിതാ പോലീസുകാർ സ്ഥലം മാറ്റം കിട്ടി പോയതോടെ ഉദ്യോഗസ്ഥരുടെ എണ്ണം കുറഞ്ഞു. ഇവർക്കു പകരം ആളെ നിയമിച്ചില്ല. ഇതോടെ പകൽ സമയത്ത് വാഹനത്തിൽ എസ്ഐ ഉൾപ്പെടെ രണ്ടു പേർ മാത്രമാണ് ഒരുസമയം ഡ്യൂട്ടിയിലുള്ളത്.
രാത്രിയിൽ പിങ്ക് പോലീസ് വാഹനം ഓടിക്കുന്നതു സിവിൽ പോലീസ് ഓഫീസറാണ്. ഈ സമയം പിങ്ക് വാഹനത്തിൽ വനിതാ എസ്ഐ ഉൾപ്പെടെ മൂന്നു പേരുണ്ടായിരിക്കും. 1515 എന്ന ഹെൽപ്പ് ലൈൻ നന്പർ ലഭിക്കുന്ന കണ്ട്രോൾ റൂമിൽ പകൽ, രാത്രി ഷിഫ്റ്റുകളിൽ രണ്ടു പേർ വീതം ഡ്യൂട്ടിക്കുണ്ടായിരുന്നതാണ്.
ഇപ്പോൾ രണ്ടു സമയങ്ങളിലും ഒരാൾ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ആദ്യഘട്ടത്തിൽ പിങ്ക് പോലീസിനു രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെ ഒരു ടീമിനും ഉച്ചകഴിഞ്ഞു രണ്ടു മുതൽ രാത്രി എട്ടുവരെ മറ്റൊരു ടീമിനെയുമാണ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിരുന്നത്. എന്നാൽ വനിതാ പോലീസുകാരുടെ സൗകര്യാർഥം ഡ്യൂട്ടി സമയം രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയും പീന്നിട് രാത്രി എട്ടു മുതൽ രാവിലെ എട്ടുവരെയുമാക്കി മാറ്റുകയായിരുന്നു.
ഇത്തരത്തിൽ രാത്രി ഡ്യൂട്ടി ചെയ്യുന്പോൾ ഒട്ടെറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി പിങ്ക് പോലീസ് പറയുന്നു. ടിസി ഡ്യൂട്ടി, വാഹന പരിശോധന, അപരിചിതരെ പരിശോധിക്കൽ തുടങ്ങിയ ജോലികൾ മാത്രമാണ് ഇപ്പോൾ കോട്ടയം നഗരത്തിലെ പിങ്ക് പോലീസ് ചെയ്യുന്നത്. ഡ്യൂട്ടിക്കിടയിൽ ഏറെസമയവും പിങ്ക് പോലീസ് ചെലവഴിക്കുന്നതു തിരുനക്കര അന്പലത്തിനു മുന്നിലാണ്.
ഇവിടെയാണെങ്കിൽ പറയത്തക്ക രീതിയിലുള്ള പ്രശ്നങ്ങളില്ല. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടു യാതൊരു കാര്യവും ചെയ്യാൻ കോട്ടയം നഗരത്തിലെ പിങ്ക് പോലീസിനു കഴിയുന്നില്ല. പെറ്റിക്കേസുകളുടെ എണ്ണം കുറഞ്ഞാലോ, അപരിചിതരെ പരിശോധിക്കുന്നതിന്റെ എണ്ണം കുറഞ്ഞാലോ എസ്ഐക്കു മെമ്മോ ലഭിക്കുന്ന സാഹചര്യവുമുണ്ട്.
സ്ത്രീകൾ ഏറെ എത്തുന്ന നഗരത്തിലെ വിവിധ ബസ് സ്റ്റോപ്പുകൾ, കെഎസ്ആർടിസി സ്റ്റാൻഡ്, സ്കൂൾ, കോളജ് എന്നിവിടങ്ങളിൽ കൃത്യമായി എത്തി പരിശോധന നടത്താൻ പിങ്ക് പോലീസിനു സാധിക്കുന്നില്ല. അടിയന്തരമായി കൂടുതൽ വനിതാ പോലീസുകാരെ നിയമിച്ചു പിങ്ക് പോലീസിന്റെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വാഹനയാത്രക്കാരിൽ നിന്ന് നേരിടേണ്ടിവരുന്നത് മോശമായ അനുഭവങ്ങൾ
കോട്ടയം: വാഹനയാത്രക്കാരിൽ ചിലർ പിങ്ക് പോലീസിനോടു പെരുമാറുന്നതു വളരെ മോശമായിട്ടാണെന്ന് പരാതി. വാഹന, ഹെൽമറ്റ് പരിശോധന നടത്തുന്ന പിങ്ക് പോലീസിനോടു സ്ത്രീ സുരക്ഷയ്ക്കായുള്ള പിങ്ക് പോലീസ് എന്തിനാണ് ഇത്തരം പരിശോധനകൾ നടത്തുന്നതെന്നാണു പലരും ചോദിക്കുന്നത്.
തങ്ങൾക്കു ലഭിച്ചിരിക്കുന്ന നിർദേശമനുസരിച്ചാണ് ഇത്തരം പരിശോധനകൾ നടത്തുന്നതെന്നാണു പിങ്ക് പോലീസിനു നല്കാനുള്ള മറുപടി. കഴിഞ്ഞദിവസം സിഎംഎസ് കോളജിനുസമീപം വാഹന പരിശോധന നടത്തുന്നതിനിടിയിൽ ഹെൽമറ്റും ലൈസൻസും മറ്റു രേഖകളുമില്ലാതെ എത്തിയ യുവാവ് പിങ്ക് പോലീസിനോടു തട്ടിക്കയറുകയായിരുന്നു.
എസ്ഐയും വനിതാ സിവിൽ ഓഫീസറും മാത്രമുള്ളതിനാലാണ് പലരും ഇത്തരത്തിൽ പെരുമാറുന്നതെന്നു പിങ്ക് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം കോട്ടയത്തിനു സമീപമുള്ള സ്ഥലത്ത് വീട്ടിൽ എത്തി പ്രശ്നങ്ങളുണ്ടാക്കിയ സ്ത്രീയെ പിടികൂടുന്നതിനു എത്തിയ പിങ്ക് പോലീസിലെ എസ്ഐക്കു വനിതാ പോലീസിനും കഴിഞ്ഞിരുന്നില്ല.
പീന്നിട് വെസ്റ്റ് സ്റ്റേഷനിൽ നിന്ന് പോലീസിനെ വിളിച്ചുവരുത്തി നാട്ടുകാരുടെ സഹായത്തോടെയാണു ഇവരെ പിടികൂടാൻ സാധിച്ചത്.