പത്തനംതിട്ട: നാലാം ക്ലാസുകാരിയെ ഉപദ്രേവിച്ച കേസിൽ അമ്മയെയും കാമുകനെയും പത്തനംതിട്ട സിഐ എ. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. ഒന്‍പത് വയസുകാരിയെ ഒരു വർഷമായി പീഡിപ്പിച്ച ചെന്നീർക്കര പ്രക്കാനം തോട്ടുപുറം കാന്തക്കുന്നിൽ വീട്ടിൽ ജിൻസ്(33), ഇയാൾക്ക് ഒത്താശ ചെയ്തുകൊടുത്ത കുട്ടിയുടെ മാതാവായ 29കാരിയുമാണ് അറസ്റ്റിലായത്.
ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതി ഒരു വർഷത്തിലധികമായി ജിൻസിനെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനം വർധിച്ചതോടെ അമ്മയോടു വിവരം പറഞ്ഞിട്ടും പ്രതികരിച്ചില്ലെന്ന് കുട്ടി പോലിസിനു മൊഴി നൽകിയിട്ടുണ്ട്.
അടുത്ത ബന്ധുവായ സ്ത്രീയെ കുട്ടി വിവരം അറിയിച്ചതോടെ അവർ അധ്യാപികയെ വിവരം ധരിപ്പിക്കുകയും പോലീസിന്റെ സഹായം തേടുകയുമായിരുന്നു. പിടിയിലായ ജിൻസ് വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ അച്ഛനുമാണ്. രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.