വടക്കഞ്ചേരി: കുതിരാനിൽ റോഡ് തകർന്നതിനെത്തുടർന്നുള്ള വാഹനക്കുരുക്കിന് ശമനമാകാത്തതിനാൽ തൃശൂർ- പാലക്കാട്, തൃശൂർ- ഗോവിന്ദാപുരം തുടങ്ങിയ റൂട്ടുകളിൽ ബസ് സർവീസ് ഭാഗികമായത് യാത്രക്കാരെ വലയ്ക്കുന്നു.
കുതിരാനിൽ രണ്ടും മൂന്നും മണിക്കൂർ കുടുങ്ങിക്കിടക്കേണ്ടി വരുന്നതിനാൽ ബസുകളെല്ലാം ട്രിപ്പ് ഒഴിവാക്കി വഴിയോരങ്ങളിൽ നിർത്തിയിടുകയാണ്.
ഒരു മാസത്തോളം മഴയില്ലാതെ റീ ടാറിംഗിന് അനുയോജ്യമായ സാഹചര്യമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ബസുടമകളും ബസ് തൊഴിലാളികളും പറയുന്നത്.
സംസ്ഥാന മന്ത്രിമാരോ മറ്റു ജനപ്രതിനിധികളൊ വിഷയത്തിൽ ഇടപെടാതെ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്നാണ് ആക്ഷേപം.
മൂന്നു കിലോമീറ്ററോളം മാത്രം ദൂരം വരുന്ന റോഡ് ടാർ ചെയ്യാൻ നടപടി സ്വീകരിക്കാതെ ഭരണപ്രതിപക്ഷ രാഷ്ട്രീയപാർട്ടികൾ കുതിരാനിൽ സമരനാടകം നടത്തുകയാണ്. ചികിത്സ, വിദ്യാഭ്യാസ സൗകര്യങ്ങൾ കുറഞ്ഞ പാലക്കാട് ജില്ലക്കാർക്ക് പ്രത്യേകിച്ച് വടക്കഞ്ചേരി മേഖലയിലുള്ളവർ തൃശൂരിനെയാണ് ആശ്രയിക്കുന്നത്.
എന്നാൽ യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനു തടസം നില്ക്കുന്ന സമീപനമാണ് ജനപ്രതിനിധികൾ സ്വീകരിക്കുന്നതെന്ന് യാത്രക്കാർ പരാതിപ്പെട്ടു. തൃശൂർ- പാലക്കാട് റൂട്ടിൽ മുന്നൂറോളം ബസുകളുള്ളതിൽ പകുതിയിലേറെ ബസുകളും ഇപ്പോൾ ഓടുന്നില്ല.