എടക്കര: ഡോക്ടർ ചമഞ്ഞു വാഹനങ്ങൾ വാടകക്കെടുത്ത് മുങ്ങുന്ന അന്തർസംസ്ഥാന തട്ടിപ്പ് വീരൻ പോലീസ് പിടിയിൽ. നിലന്പൂർ ജനതപ്പടി സ്വദേശി വരിക്കോട്ടിൽ ഫൈറൂസ്ഖാനാണ് (29) പോലീസിന്റെ വലയിലായത്. ചുങ്കത്തറയിലെ വസ്ത്രവ്യാപാരി കടവത്ത് നജീബിന്റെ പരാതിയിലാണ് ഫൈറൂസ്ഖാനെ കട്ടപ്പനയിൽ നിന്നു എടക്കര പോലീസ് പിടികൂടിയത്.
ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി ടാക്സി ഡ്രൈവർമാരുടെ സഹായത്തോടെ സ്വകാര്യ വാഹനങ്ങൾ വാടകക്ക് എടുത്ത ശേഷം പണയം വച്ച് മുങ്ങുകയാണിയാളുടെ രീതി. മുന്പ് ട്രിപ്പ് വിളിച്ച പരിചയത്തിൽ ചുങ്കത്തറയിലെ ടാക്സി ഡ്രൈവർ ആന്റണിയെ വിളിച്ച ഫൈറൂസ്ഖാൻ സ്വന്തം കാർ വർക്ക്ഷോപ്പിലാണെന്നും കുറച്ചു ദിവസം ഉപയോഗിക്കാൻ വാഹനം വേണമെന്നും ആവശ്യപ്പെട്ടു. ഇതിനു മുന്പു പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിലെ സർജൻ ഡോ. റാഷിദ് എന്നാണിയാൾ ആന്റണിയെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്.
ഡോക്ടർക്ക് ഉപയോഗിക്കാൻ ടാക്സി വാഹനം നൽകുന്നത് മോശമാണെന്ന് കരുതി ആന്റണി, സുഹൃത്ത് കൂടിയായ നജീബിന്റെ സമ്മതത്തോടെ അദ്ദേഹത്തിന്റെ കാർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു കൊടുത്തു. പിന്നീടിയാളെ ബന്ധപ്പെട്ടപ്പോഴൊക്കെ ഫോണ് സ്വിച്ച് ഓഫായിരുന്നു.
തട്ടിപ്പ് ബോധ്യപ്പെട്ടതോടെയാണ് വാഹന ഉടമ നജീബ് പരാതിയുമായി എടക്കര പോലീസിനെ സമീപിച്ചത്. തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ എടക്കര സിഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ കുറ്റമറ്റ രീതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൂടുതൽ തട്ടിപ്പുകൾ വെളിവായത്.
ആലപ്പുഴയിൽ വനിതാ ഡോക്ടറെ കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തതിനു ഇയാൾക്കെതിരെ മഞ്ചേരി സ്റ്റേഷനിൽ കേസുണ്ട്. ഈ സമയം ഇയാൾ മഞ്ചേരി മുട്ടിപ്പാലത്ത് ഡോക്ടർ ചമഞ്ഞു വാടക കെട്ടിടത്തിലായിരുന്നു താമസം. പയ്യോളി, ബംഗളുരൂ, മൈസൂരു എന്നിവിടങ്ങളിലും സമാന തട്ടിപ്പുകൾ നടത്തിയതായി പോലീസ് പറയുന്നു. ആറു മാസം മുന്പാണിയാൾ കട്ടപ്പനയിലെത്തുന്നത്.
ഇയാളെ പിടികൂടുന്പോൾ തോക്ക് ഉൾപ്പെടെ നിരവധി എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, വിവിധ ആശുപത്രികളിൽ ഡോക്ടറായി രേഖപ്പെടുത്തിയ ഐഡന്റിറ്റി കാർഡുകൾ, സ്റ്റെതസ്കോപ്പ് തുടങ്ങി നിരവധി സാധന സാമഗ്രികൾ പോലീസ് കണ്ടെടുത്തു. കഴിഞ്ഞ മൂന്നു ദിവസമായി നടന്ന രഹസ്യ തെളിവെടുപ്പ് വിവരങ്ങളടക്കം രേഖപ്പെടുത്തി ഇന്നു ഫൈറൂസ് ഖാനെ നിലന്പൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.