കോഴിക്കോട്: സംസ്ഥാനത്തെ കായിമമേഖലയ്ക്ക് പുതുചരിത്രവുമായി ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാവുന്നു. കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലാണ് കുട്ടികളിലെ കായികക്ഷമത വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്ക് ആരംഭിക്കുന്നത്. ഈസ്റ്റ് നടക്കാവിലെ സ്പോര്‍ട്സ് കൗണ്‍സില്‍ സ്വിമ്മിംഗ് പൂളിനു സമീപത്തായാണ് പാര്‍ക്ക് സ്ഥാപിക്കുന്നതെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി പറഞ്ഞു.
40 സെന്റ് സ്ഥലത്ത് 40 ലക്ഷം രൂപാ ചെലവിലാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. ഇതില്‍ 20 ലക്ഷം രൂപ എ.പ്രദീപ്കുമാര്‍ എംഎല്‍എയും, ബാക്കി സ്പോര്‍ട്സ് കൗണ്‍സിലുമാണ് വഹിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പാര്‍ക്കാണ് നിര്‍മിക്കുന്നത്. 10 വയസിനു താഴെയുള്ള കുട്ടികളുടെ വിനോദത്തിനും കായിക ഉണര്വിനുമായാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്.
ക്രിക്കറ്റ്, ഫൂട്ബോള്‍, ബാസ്ക്കറ്റ് ബോള്‍, നീന്തൽ എന്നീ കായിക ഇനങ്ങള്‍ക്കാണ് പാര്‍ക്കില്‍ പ്രാധാന്യം നല്‍കുന്നത്. രണ്ടു വിഭാഗങ്ങളിലായാണ് ഇവിടെ പരിശീലനം നല്‍കുന്നത്. ഏഴു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായും ഏഴുവയസു മുതല്‍ പത്ത് വയസുവരെയുള്ള കുട്ടികള്‍ക്കായും പ്രത്യേക പരിശീലനം നല്‍കും.
ക്രിക്കറ്റും ഫുട്ബോളും ബാസ്ക്കറ്റ് ബോളുമെല്ലാം ഇവിടെ പരിശീലിക്കുമെങ്കിലും മൈതാനം പോലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നതും പ്രത്യേകതയാണ്. നിശ്ചിത ഉയരത്തില്‍ ബാസ്ക്കറ്റ് ബോള്‍ കോര്ട്ടിലേതുപോലെ ബാസ്ക്കറ്റ് സ്ഥാപിച്ച് അതിനുള്ളില്‍ പോസ്റ്റിംഗ് നടത്തുംവിധത്തിലാണ് പരിശീലനം നല്‍കുന്നത്.
ഫൂട്ബോളിനും പോസ്റ്റുകള്‍ സ്ഥാപിച്ചാണ് പരിശീലനം നല്‍കുന്നത്. വിശാലമായ ഗ്രൗണ്ട് പരിശീലനത്തിനായി ഉപയോഗിക്കാതെയാണ് ക്രിക്കറ്റും പരിശീലിപ്പിക്കുക. ഇത്തരത്തില്‍ പരിശീലനം നല്‍കുന്നതിലൂടെ കുട്ടികള്‍ക്ക് കായിക ഇനങ്ങളോട് താത്പര്യമുണ്ടാവുകയും മികച്ച രീതിയില്‍ പരിശീലനം നല്‍കാനും സാധിക്കും.
നീന്തല്‍ പരിശീലിപ്പിക്കുന്നതിന് വിദഗ്ധരുടെ സേവനവുമുണ്ടാവും. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്ക് അപൂര്വമായാണുള്ളത്. സ്പോര്‍ട്സ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തി ഉദ്ഘാടനം 24 ന് അഞ്ചിന് എ.പ്രദീപ്കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി.പി.ദാസന് , ജില്ലാ കളക്ടര്‍ യു.വി.ജോസ് എന്നിവര്‍ പങ്കെടുക്കും.