വൈകാതെ റഷ്യയിൽ ശരീമാസകലം രോമം നിറഞ്ഞ ഭീമാകാരന്മാരായ മാമത്തുകൾ വിഹരിക്കും. ഏറിയാൽ പത്തു വർഷം. അതിനുള്ളിൽ മാമത്തുകൾ പുനർജനിക്കുമെന്ന് റഷ്യയുടെ ഭാഗമായ സാഖ റിപ്പബ്ലിക്കിന്റെ മേധാവി എയ്സൺ നിക്കോള പറഞ്ഞു.
വ്ലാഡോവോസ്റ്റോക്കിലെ ഈസ്റ്റേൺ എക്കണോമിക് ഫോറം (ഇഇഎഫ്) നിലവിൽ ഇതിനായുള്ള പഠനം നടത്തിക്കൊണ്ടരിക്കുകയാണ്. കൊറിയൻ, ജാപ്പനീസ് ഗവേഷകരും ഇഇഎഫിന്റെ ഒപ്പമുണ്ട്. പ്ലീസ്റ്റോസീൻ പാർക്ക് എന്നാണ് സാഖാ റിപ്പബ്ലിക് അറിയപ്പെടുക. ജുറാസിക് പാർക്കിന്റെ ഹിമയുഗ പതിപ്പാണ് പ്ലീസ്റ്റോസീൻ പാർക്ക്.
വംശനാശം നേരിട്ട പുരാതന കുതിരകൾ, സിംഹങ്ങൾ എന്നിവയെ ക്ലോണിംഗിലൂടെ അവതരിപ്പിക്കാനുള്ള ശ്രമം നിലവിൽ തുടങ്ങിയിട്ടുണ്ട്. ഇത് ഭാവിയിൽ മാമത്തുകളെ ഭൂമിയിൽ തിരികെ കൊണ്ടുവരാൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
മാമത്തുകളെ ക്ലോണിംഗിലൂടെ ജനിപ്പിക്കാൻ സാഖാ റിപ്പബ്ലിക്കിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ദക്ഷിണകൊറിയയിലെ സൂവാം ബയോടെക് റിസർച്ച് ഫൗണ്ടേഷനുമായി കരാറൊപ്പിട്ടത് 2012ലാണ്. ഹാർവാഡ് യൂണിവേഴ്സിറ്റിയും നിലവിൽ മാമത്തുകളുടെ പിന്നാലെയാണ്. ഇത് വിജയിച്ചാൽ മാമത്തുകളെ പ്ലീസ്റ്റോസീൻ പാർക്കിലേക്കു മാറ്റും.
ഏതാണ്ട് 10,000 വർഷങ്ങൾക്കു മുന്പാണ് രോമമുള്ള മാമത്തുകൾ ഭൂമിയിൽനിന്നു തുടച്ചുനീക്കപ്പെട്ടത്. ആറായിരം വർഷങ്ങൾക്കു മുന്പ് വടക്കൻ സൈബീരിയയിൽ ചെറിയ തോതിൽ ഇവ ജീവിച്ചിരുന്നു.