നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാഗ്നെറ്റിക് സ്ട്രിപ്പ് മാത്രമുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ മാറി ചിപ്പ് ഘടിപ്പിച്ചവ ഉപയോഗിക്കണമെന്നു ചൂണ്ടിക്കാട്ടി ബാങ്കുകൾ ഉപയോക്താക്കൾക്ക് എസ്എംഎസ് അയച്ചുതുടങ്ങി. ഈ എസ്എംഎസുകൾ തട്ടിപ്പാണെന്നു ചൂണ്ടിക്കാട്ടി അവഗണിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
എന്നാൽ, അക്കൗണ്ടുകളിലുള്ള നിങ്ങളുടെ തുക കൂടുതൽ സുരക്ഷിതമാക്കാനുള്ള ശ്രമമാണ് റിസർവ് ബാങ്കിന്റെ നിർദേശത്തേത്തുടർന്ന് ബാങ്കുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഡിസംബർ 31നു മുന്പ് പുതിയ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ സ്വന്തമാക്കണം. അല്ലാത്തപക്ഷം ഡിസംബർ 31നുശേഷം പഴയ കാർഡുകൾ റദ്ദാക്കപ്പെടും.
ആർബിഐയുടെ നിർദേശം
ബാങ്കുകൾ റിസർബ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശത്തെത്തുടർന്നാണ് പ്രവർത്തിക്കുന്നത്. ഓൺലൈൻ ഇരപിടിയന്മാരിൽനിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനാണ് ആർബിഐ പുതിയ നിർദേശത്തിലൂടെ ലക്ഷ്യമിടുന്നത്.
ഉപയോക്താക്കളുടെ പണം ബാങ്കുകളിൽ സുരക്ഷിതമായിരിക്കണമെന്നതാണ് ആർബിഐയുടെയും ബാങ്കുകളുടെയും ഉത്തരവാദിത്തം. എന്നാൽ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിലെ വിവരങ്ങൾ ചോർത്തി പണം തട്ടുന്നതാണ് ഇപ്പോൾ ബാങ്കുകൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകളേക്കുറിച്ചുള്ള പരാതികൾ ഓരോ വർഷവും ക്രമാതീതമായാണ് വർധിക്കുന്നത്. ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നോണമാണ് ചിപ്പ് ഘടിപ്പിച്ച കാർഡുകൾ അവതരിപ്പിച്ചതും അത് നിർബന്ധമാക്കുന്നതും.
നിലവിൽ രാജ്യത്ത് പ്രധാനമായും ഉപയോഗിച്ചുവരുന്നത് മാഗ്നെറ്റിക് സ്ട്രിപ്പുകളുള്ള കാർഡുകളാണ്. ഇത്തരം കാർഡുകൾ ക്ലോണിംഗ് നടത്തിയാണ് തട്ടിപ്പുകൾ നടക്കുന്നത്. ഇഎംവി (യൂറോപേ, മാസ്റ്റർകാർഡ്, വിസ) ചിപ് അധിഷ്ഠിത കാർഡുകളാണ് പുതിയവ.
സൗജന്യം
പഴയ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ മാറ്റി നല്കുന്നതിനുള്ള ചെലവുകൾ ബാങ്കുകൾ വഹിക്കും. അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി പുതിയവ ലഭിക്കും. 2016 ജനുവരി 31 മുതൽ പുതിയ അക്കൗണ്ടുകൾക്ക് ചിപ്പ് അധിഷ്ഠിത കാർഡ് നല്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു.
കൂടുതൽ സുരക്ഷിതം
മാഗ്നെറ്റിക് സ്ട്രിപ്പ് കാർഡുകളേക്കാൾ കൂടുതൽ സുരക്ഷിതമാണ് ഇവിഎം ചിപ്പ് അധിഷ്ഠിത കാർഡുകൾ. ഇത്തരം കാർഡുകൾക്കും പിൻ (പേഴ്സണൽ ഐഡന്റിഫിക്കേഷൻ നന്പർ) ഉണ്ടായിരിക്കും. മെച്ചപ്പെടുത്തിയ സ്റ്റോറേജ് ടെക്നോളജിയും നിലവാരമുള്ള ഡാറ്റ എൻക്രിപ്ഷനുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
മാഗ്നെറ്റിക് സ്ട്രിപ് കാർഡുകളിൽ പിന്നിലെ കറുത്ത സ്ട്രിപ്പിലാണ് അക്കൗണ്ട് വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ ഇഎംവി കാർഡുകളിൽ ഡൈനമിക് ഫോർമാറ്റിലാണ് സൂക്ഷിക്കുക. അതുകൊണ്ടുതന്നെ ക്ലോൺ ചെയ്യൽ എളുപ്പമല്ല.
ബാങ്കുകൾ വിളിക്കില്ല
ബാങ്കുകളിൽനിന്നെന്ന് പരിചയപ്പെടുത്തി കാർഡ് വിവരങ്ങൾ ആവശ്യപ്പെട്ടുള്ള ഫോൺ കോളുകൾ ഒരിടക്കാലത്തിനുശേഷം വീണ്ടും ശക്തമായിട്ടുണ്ട്. കാർഡ് മാറുന്ന കാര്യം സംസാരിക്കാനോ പിൻ നന്പരോ കാർഡ് നന്പരോ ആവശ്യപ്പെട്ടോ ഒരു ബാങ്കും തങ്ങളുടെ അക്കൗണ്ട് ഉടമകളെ ഫോണിൽ ബന്ധപ്പെടാറില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണം. അത്തരം കോളുകൾ വന്നാൽ അവഗണിക്കുകയോ ബാങ്കിലോ സൈബർ സെല്ലിലോ പരാതി നല്കുകയോ ചെയ്യുക.
ഗാഡ്ജെറ്റ് കഫെ