സാഹസികർക്ക് എന്നും അദ്ഭുതമാണ് നാവികസേന ലഫ്റ്റനന്റ് കമാൻഡർ അഭിലാഷ് ടോമി. വളരെ സങ്കീർണവും ദുർഘടവുമായ സമുദ്രവീഥിയിലൂടെ ഏകാകിയായി യാത്രചെയ്യുന്ന ’അതിമാനുഷൻ’ അതാണ് അഭിലാഷ്. സമുദ്രത്തിൽ ഇതുവരെ 52000 നോട്ടിക്കൽ മൈലിലേറെ സഞ്ചരിച്ച ഈ നാവികൻ എന്നും ഒരു അദ്ഭുതമാണ്.
‘1999ൽ ഒരു മാസികയിൽ പായ്ക്കപ്പലിൽ തനിയെ ഒരാൾ ലോകം ചുറ്റിവരുന്ന ഒരു യാത്രയെക്കുറിച്ചു വായിച്ചതിൽനിന്നു തുടങ്ങിയ കടൽ യാത്രാ കന്പം അഭിലാഷിനെ കൊണ്ടുചെന്നെത്തിച്ചത് ലോകമറിയുന്ന സെയ്ലർ എന്ന നിലയിലാണ്. 2009ൽ ഇന്ത്യൻ കമാൻഡർ ദിലാപ് ദോണ്ടേ ഒരു യാത്രയ്ക്ക് പദ്ധതിയിട്ടപ്പോൾ സഹായിയായി പോകുന്നതിനുള്ള അവസരം അഭിലാഷിനു ലഭിച്ചു.
സാഗർ പരിക്രമ 1 എന്നായിരുന്നു ആ യാത്രയുടെ പേര്. നാലു സ്ഥലങ്ങളിലായിരുന്നു അന്ന് പായ് വഞ്ചി നങ്കൂരമിട്ടത്. പിന്നീട് അന്താരാഷ്ട്ര നിബന്ധനകളോടെയുള്ള സാഗർ പരിക്രമ 2 എന്ന പദ്ധതി നേവി പ്രഖ്യാപിച്ചപ്പോൾ നറുക്കു വീണത് അഭിലാഷിനായിരുന്നു. ആറു മാസം നീളുന്ന യാത്ര. ഏകാകിയായി കടലിന്റെ സ്വഭാവമറിഞ്ഞുകൊണ്ടുള്ള യാത്ര.
പരസഹായമില്ലാതെ, എവിടെയും നിറുത്താതെ ഏഴു കടലും കടന്ന് ഭൂമിയെച്ചുറ്റി വരിക എന്നതായിരുന്നു സാഗർ പരിക്രമ രണ്ട് എന്ന യാത്ര. അന്നു വരെ ലോകചരിത്രത്തിൽ ഇത്തരത്തിൽ യാത്ര പൂർത്തിയാക്കിയിട്ടുള്ളത് 78 പേർ മാത്രം. ഭൂമിയെ ചുറ്റിവരണമെങ്കിൽ ഏതാണ്ട് 21600 നോട്ടിക്കൽ മൈൽ യാത്രയാണ് വേണ്ടിവരുന്നത്. അതായത് 48242 കിലോമീറ്റർ. ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് അഭിലാഷ് യാത്ര തുടങ്ങി.
അന്താരാഷ്ട്ര തലത്തിൽ നിഷ്കർഷിച്ചിട്ടുള്ള പാതയിലൂടെ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. സാങ്കേതികമോ, മറ്റെന്തെങ്കിലുമോ പ്രശ്നങ്ങൾ ഉണ്ടായാൽ നാവികൻ തന്നെ അത് പരിഹരിക്കണം, പായ്ക്കപ്പലിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അറ്റകുറ്റപ്പണിയും നാവികൻ ചെയ്യണം. ഗതിനിയന്ത്രണവും നാവികന്റെ ഉത്തരവാദിത്വം.
2012 നവംബർ ഒന്നിന് മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് ഉച്ചയ്ക്ക് ആരംഭിച്ച യാത്ര 151 ദിവസങ്ങൾക്കു ശേഷം 2013 മാർച്ച് 31നാണ് അവസാനിച്ചത്. മദേയി എന്ന പായ്വഞ്ചിയാണ് അഭിലാഷ് ഉപയോഗിച്ചത്. 17 മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയുമുള്ള വഞ്ചിയാണിത്.
സാധാരണ മനുഷ്യൻ ചിന്തിക്കുന്നതിനുമപ്പുറമായിരുന്നു പിന്നീട് വിശദീകരിച്ച അഭിലാഷിന്റെ യാത്രയിലെ അനുഭവങ്ങൾ. കപ്പലുകളുടെ ശവപ്പറന്പ് എന്നറിയപ്പെടുന്ന ആഫ്രിക്കയുടെ തെക്കെയറ്റത്തെ കേപ് ഓഫ് ഗുഡ്ഹോപ് മുനന്പും ഓസ്ട്രേലിയയ്ക്കടുത്തുള്ള കേപ്പ് ലൂവിൻ, തെക്കേ അമേരിക്കയുടെ കേപ്പ് ഹോണ്, എന്നിവയും കടന്ന് ചുഴലിക്കാറ്റിനെയും 10 മീറ്റർ വരെ ഉയരുന്ന തിരമാലകളെയും അതിജീവിച്ച് പലപ്പോഴും വിശപ്പും ദാഹവും സഹിച്ച്, നാലു പേർ ചെയ്യേണ്ട ജോലി ഒറ്റയ്ക്കു ചെയത്, കടലിന്റെ പ്രക്ഷുബ്ധാവസ്ഥയോടു മല്ലടിച്ച് അഭിലാഷ് തിരിച്ചെത്തി.
രാഷ്ട്രപതിയും ഉപരാഷ്ട്ര പതിയുമൊക്കെ ചേർന്ന് ഒൗദ്യോഗിക സ്വീകരണം നൽകി അഭിലാഷിനെ ആദരിച്ചു. 120 കോടി ജനങ്ങളുടെപേരിൽ താങ്കളെ ഞാൻ കരയിലേക്കു സ്വാഗതം ചെയ്യുന്നു എന്നായിരുന്നു അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജി അഭിലാഷിനോടു പറഞ്ഞത്.
ഏകനായി, ഒരിടത്തും നിറുത്താതെ, ആരുടേയും സഹായം സ്വീകരിക്കാതെ കൊച്ചു പായ്ക്കപ്പലിൽ ഏഴു കടലും കടന്നു ഭൂഗോളം ചുറ്റിവന്ന ആദ്യ ഭാരതീയനായി അഭിലാഷ് മാറിയപ്പോൾ അത് കേരളത്തിന് ആകെ അഭിമാനമായ നേട്ടമായി.
യുദ്ധേതര അവസരങ്ങളിൽ അസാമാന്യ ധീരത പ്രകടിപ്പിക്കുന്ന സൈനികർക്ക് നൽകുന്ന ബഹുമതിയായ കീർത്തിചക്രയും അഭിലാഷ് ടോമിക്കു ലഭിച്ചു.
2011ൽ അഭിലാഷ് നടത്തിയ കേപ് ടൗണ്- റിയോ പ്രയാണവും ലോക ശ്രദ്ധയാകർഷിച്ചു. ലോകത്തെ പ്രഗദ്ഭർക്കൊപ്പം പങ്കെടുത്ത് മത്സരം പൂർത്തിയാക്കി. 2014ലെ കോപ്പ ഡെൽ റേ കപ്പിലും കൊറിയൻ റേസിലും അഭിലാഷ് പങ്കെടുത്തിട്ടുണ്ട്.
നിരവധി അന്താരാഷ്ട്ര ബഹുമതികളും അഭിലാഷിനു ലഭിച്ചു. ടെൻസിംഗ് നോർഗെ സാഹസിക അവാർഡ്, മാർക് ഗ്രിഗർ മെഡൽ എന്നിവയാണ് അതിൽ പ്രധാനപ്പെട്ടത്. തൃപ്പൂണിത്തുറയ്ക്ക് അടുത്ത് കണ്ടനാടാണ് അഭിലാഷിന്റെ സ്വദേശം.
സി.കെ. രാജേഷ്കുമാർ