കോട്ടയം: മോദി സർക്കാരിന്റെ നാലു വർഷത്തെ ഭരണം ജനജീവിതം നരകതുല്യമാക്കിയെന്നും നരേന്ദ്രമോദി സർക്കാരിനെ താഴെയിറക്കാൻ തൊഴിലാളികൾ ശക്തമായ പോരാട്ടം നടത്തണമെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്് ആർ. ചന്ദ്രശേഖരൻ ആഹ്വാനം ചെയ്തു.
കോട്ടയം മാലി ഓഡിറ്റോറിയത്തിൽ ഐഎൻടിയുസി ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലുവർഷം മോദി സർക്കാർ നടപ്പാക്കിയ തൊഴിലാളി വിരുദ്ധ കരിനിയമം, നോട്ടുനിരോധനം, ജി.എസ്.ടി, ഇന്ധന-പാചകവാതക വിലവർധനവ് എന്നിവയാൽ കുടുംബങ്ങളുടെ ജീവിതം നരകതുല്യമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി മലയാലപ്പുഴേ ജ്യാതികുമാർ, സംസ്ഥാന മഹിള ഐഎൻടിയുസി പ്രസിഡൻറ് കൃഷ്ണവേണി ശർമ, സംസ്ഥാന ഭാരവാഹികളായ സാബു പുതുപ്പറന്പിൽ, എം.വി. മനോജ്, നന്തിയോട് ബഷീർ, പി.വി. പ്രസാദ്, ടി.എസ്. രാജൻ, എം.എൻ. ദിവാകരൻനായർ, ജില്ല ഭാരവാഹികളായ പി.എച്ച്. നൗഷാദ്, കെ.ആർ. സജീവൻ, ജോണ്സണ് പുന്നമൂട്ടിൽ, വി.കെ. സുരേന്ദ്രൻ, മോഹൻദാസ് ഉണ്ണിമഠം, പ്രകാശ് പുളിക്കൽ, അശോക് മാത്യു, ത്രേസ്യാമ്മ എന്നിവർ പ്രസംഗിച്ചു.