കോട്ടയം: തിരുവാതുക്കൽ ടൗണ് ഹാളിൽ സൂക്ഷിച്ചിരുന്ന പ്രളയബാധിതർക്ക് വിതരണം ചെയ്യാനുള്ള സാധനങ്ങൾ ഇതിനു മുൻപും മോഷ്ടിച്ചിരുന്നതായി നാട്ടുകാർ. കഴിഞ്ഞ ദിവസം ജീപ്പിലും സ്കൂട്ടറിലുമായി എത്തിയ സംഘം മോഷണം നടത്താനുള്ള ശ്രമത്തിനിടെ പിടിക്കപ്പെടുമെന്നായതോടെ മുങ്ങുകയായിരുന്നു.
റവന്യു വിഭാഗത്തിലെ ചില ജീവനക്കാരുടെ സഹായത്തോടെയാണ് മോഷണം നടത്തുന്നതെന്ന നാട്ടുകാരുടെ ആരോപണം അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിൽ കോട്ടയം തഹസിൽദാർ ജില്ലാ കളക്്ടർക്കു റിപ്പോർട്ട് സമർപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം മിക്സി അടക്കമുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന തിരുവാതുക്കൽ അബ്ദുൾകലാം സ്മാരക ടൗണ്ഹാളിലാണു മോഷണം ശ്രമം നടന്നത്.
കോട്ടയം തഹസിൽദാർ അശോക്്കുമാറാണ് ഇതു സംബന്ധിച്ചു കളക്്ടർക്കു റിപ്പോർട്ട് സമർപ്പിച്ചത്. മോഷണ ശ്രമം മാത്രമാണുണ്ടായതെന്നും സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും തഹസിൽദാർ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ജില്ലാ കളക്്ടർ സ്വീകരിക്കും.
ഓട്ടോറിക്ഷാ തൊഴിലാളികളും സമീപവാസികളായ സ്ത്രീകളും ചേർന്നാണു മോഷണ സംഘത്തെ തുരത്തിയത്. നാട്ടുകാരെ കണ്ട് സംഘത്തിലൊരാൾ കൈക്കലാക്കിയ സാധനങ്ങൾ ഉപേക്ഷിച്ചു ഓടിരക്ഷപ്പെടുകയായിരുന്നു. രണ്ട് സ്കൂട്ടറിലും ഒരു ജീപ്പിലുമായി എത്തിയവരാണ് സംഭരണകേന്ദ്രത്തിനുള്ളിൽ കടന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചത്. സംഭവം കണ്ട് അയൽപ്പക്കത്തെ സ്ത്രീകൾ ബഹളംകൂട്ടി.
സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും രംഗത്തെത്തിയതോടെ സംഘം പെട്ടെന്ന് വാഹനങ്ങളിൽ കയറി സ്ഥലംവിട്ടു. വെസ്റ്റ് പോലീസും സ്ഥലത്തെത്തിയിരുന്നു. സംഭരണ കേന്ദ്രത്തിന് വേണ്ടത്ര അടച്ചുറപ്പില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ജനലുകൾ തുറന്ന നിലയിലായിരുന്നു. ഇതുവഴി സാധനങ്ങൾ എടുക്കാവുന്ന നിലയിലാണെന്നും സമീപവാസികൾ പറയുന്നു. മിക്സി അടക്കമുള്ള ഗൃഹോപകരണങ്ങളാണ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്.