പള്ളിക്കൽ: ടെക്നോളജി ജർമനായാലും നാടനായാലും റോഡ് വെട്ടിപ്പൊളിക്കുമെന്നതിൽ മാറ്റമില്ലെന്നതാണ് ജല അഥോറിറ്റിക്കാരുടെ നിലപാട്. കേരളത്തിൽ ആദ്യമായി ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ നിർമിക്കുന്ന ആനയടി-പഴകുളം റോഡിൽ ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ ജല അഥോറിറ്റി വെട്ടിപ്പൊളിച്ചു.
മൃഗാശുപത്രി ജംഗ്ഷൻ, കള്ളപ്പൻചിറ ജംഗ്ഷൻ, മേടയിൽ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് റോഡ് ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചത്. വെള്ളം കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിപ്പോയത് മാറ്റി സ്ഥാപിക്കാനാണ് റോഡ് വെട്ടിപ്പൊളിക്കേണ്ടി വന്നതെന്നാണ് ജല അഥോറിറ്റി പറയുന്നത്.
എന്നാൽ ഇതിന് നേരത്തെ സമയം നൽകിയിരുന്നെന്നും ടാറിംഗ് കഴിഞ്ഞപ്പോഴാണ് അറ്റകുറ്റപ്പണിക്ക് ജല അഥോറിറ്റി എത്തിയതെന്നുമാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. ഇന്നലെ പുലർച്ചെ രണ്ടുവരെ ടാറിംഗ് ജോലികൾ നടന്നിരുന്നു. രാവിലെ എട്ടോടെയാണ് റോഡ് വെട്ടിപ്പൊളിച്ചത്.
കഴിഞ്ഞ രണ്ടിനാണ് നിർമാണം ആരംഭിച്ചത്. പത്ത് ദിവസത്തിനുള്ളിൽ നിർമാണം പൂർ ത്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. നിർമാണത്തിന്റെ ഒന്നാം ഘട്ടം 15 ദിവസത്തിനുള്ളിൽ പൂർത്തീകരിച്ചിരുന്നു. ജല അഥോറിറ്റിയുടെ മെയിന്റനൻസ് വർക്കുകൾ കഴിയാൻ കാത്തിരുന്നെങ്കിലും നിർമാണം ഒന്നും നടക്കാത്തതിനെ തുടർന്നാണ് ടാറിംഗ് ജോലികൾ പുനരാരംഭിച്ചത്.
എന്നാൽ ടാർ ഉണങ്ങും മുന്പേ റോഡ് വെട്ടിപ്പൊളിച്ചത് നാട്ടുകാരിൽ വലിയ പ്രതിഷേധത്തിനിടയാക്കി. കുടിവെള്ളത്തിന്റെ കാര്യമാണെങ്കിലും ചെയ്യേണ്ട ജോലി സമയത്ത് ചെയ്യാതിരുന്നതിനാലാണ് നാട്ടുകാർ രോഷാകുലരായത്.