കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ ഈ മാസം 29നകം കൊടുത്തു തീർക്കണമെന്ന ഉത്തരവിനെ തുടർന്ന് റവന്യു അധികൃതർ തിരക്കിട്ട പ്രവർത്തനം ആരംഭിച്ചു. ഓരോ വില്ലേജുകളിലും ആർക്കൊക്കെയാണ് ധനസഹായം കിട്ടാത്തതെന്ന് കണ്ടെത്തി വീണ്ടും അപേക്ഷ നല്കുന്ന നടപടികളാണ് ഇന്നലെ ആരംഭിച്ചത്.
ഞായറാഴ്ചയായിട്ടും ഇന്നലെ വില്ലേജ് ഓഫീസുകളിൽ നല്ല തിരക്കായിരുന്നു. വീണ്ടും അപേക്ഷ സമർപ്പിക്കാൻ എത്തുന്നവരുടെയും പരാതി നല്കാൻ എത്തുന്നവരുടെയും തിരക്കായിരുന്നു ഇന്നലെ. ചില വില്ലേജ് ഓഫീസുകളിൽ നിന്ന് ആളുകളെ ഫോണിൽ ബന്ധപ്പെട്ട് പതിനായിരം കിട്ടിയോ എന്നുറപ്പാക്കുന്നുണ്ടായിരുന്നു.
തുക കിട്ടാത്തവരോട് വേഗം വില്ലേജ് ഓഫീസിൽ എത്തി പുതിയ അപേക്ഷ നല്കാൻ നിർദേശിച്ചു. ഇങ്ങനെ രണ്ടാമത് നല്കിയ അപേക്ഷകൾ താലൂക്ക് ഓഫീസുകളിലേക്ക് നല്കിയിട്ടുണ്ട്. സർക്കാർ നിർദേശ പ്രകാരം 29നകം ധനസഹായ വിതരണം പൂർത്തിയാക്കാനാണ് ശ്രമം. ആദ്യ ഘട്ടം അനുവദിച്ച 3800 രൂപ സഹായം പോലും ഇതുവരെ കിട്ടാത്തവരുണ്ട്. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞവരിൽ തകു ലഭിക്കാത്തവരുമുണ്ട്.