കൊല്ലം :മാസങ്ങളായി ട്രെയിൻ സർവ്വീസുകൾ വൈകി ഓടുന്നതിൽ പ്രതിഷേധിച്ച് തുടർച്ചയായ പ്രക്ഷോഭം ആരംഭിയ്ക്കാൻ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഓരോ ദിവസവും ട്രെയിൻ വൈകുന്നതിന് റെയിൽവെ വിവിധ കാരണങ്ങൾ കണ്ടെ ത്തുകയാണ്.
രാവിലെ 10.00 മുന്‍പ് തിരുവന്തപുരത്ത് എത്തിച്ചേരേണ്ട ഇന്റർസിറ്റി വഞ്ചിനാട് എന്നീ ട്രെയിനുകൾ കഴിഞ്ഞ ഒരു മാസത്തെ കണക്കു പരിശോധിച്ചാൽ ചുരുക്കം ചില ദിവസങ്ങളിൽ മാത്രമാണ് കൃത്യതപാലിച്ചിട്ടുളളത്. റെയിൽ പാളങ്ങളുടെ അറ്റകുറ്റ പണികളുടെ പേരിൽ നിരന്തരമായി പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കുന്ന സമീപനം റെയിൽവെ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി.പി. ദീപുലാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്, ജെ. ഗോപകുമാർ, കാര്യറ നസീർ, ചിതറ അരുണ്‍ ശങ്കർ, സന്തോഷ് രാജേന്ദ്രൻ, അഭിലാഷ് കുരുവിള എന്നിവർ പ്രസംഗിച്ചു. സമരത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം കൊല്ലം റെയിൽവേ സ്റ്റേഷനു മുന്നിൽ യാത്രക്കാരുടെ കൂട്ട ഒപ്പിടൽ സമരം നടത്തി.