സൂറിച്ച്: ഫിഫയുടെ കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം പ്രഖ്യാപിക്കുന്ന ചടങ്ങിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീനയുടെ ലയണൽ മെസിയും പങ്കെടുക്കില്ല. ഇന്നു പുലർച്ചെയാണ് ഫിഫ ദ ബെസ്റ്റ് അവാർഡ് പ്രഖ്യാപിക്കുക. മികച്ച താരത്തിനുള്ള പുരസ്കാരത്തിന്റെ അവസാന ലിസ്റ്റിൽ റൊണാൾഡോ, ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച്, ഈജിപ്തിന്റെ മുഹമ്മദ് സല എന്നിവരാണുള്ളത്.
നേരത്തെ യുവേഫയുടെ മികച്ച താരത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ നിന്നും അവസാന നിമിഷം റൊണാൾഡോ പിന്മാറിയിരുന്നു. യുവേഫ പുരസ്കാരം മോഡ്രിച്ചിനാണെന്ന് മുൻകൂട്ടി മനസിലാക്കിയതുകൊണ്ടാണ് താരം ചങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായി. ഫിഫയുടെ ചടങ്ങിനും റൊണാൾഡോ എത്താത്തിനാൽ മോഡ്രിച്ചിനോ സലയ്ക്കോ ആകും പുരസ്കാരമെന്നായിരുന്നു സംസാരം.
മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് റൊണാൾഡോ ചടങ്ങിനെത്താത്തതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച രാത്രി നടന്ന സീരി എ മത്സരത്തിനു പുറമേ ബുധനാഴ്ച രാത്രിയും റൊണാൾഡോയുടെ ക്ലബ്ബായ യുവന്റസിനു ഇറ്റാലിയൻ ലീഗ് മത്സരമുണ്ട്.
റൊണാൾഡോക്കു പുറമേ ബാഴ്സ സൂപ്പർ താരം മെസിയും ചടങ്ങിനെത്തില്ലെന്ന് സൂചന ലഭിച്ചതോടെ ചടങ്ങിന്റെ ന്താമർ ഇടിഞ്ഞു. മികച്ച താരത്തിനുള്ള ലിസ്റ്റിൽ മെസിയില്ലെങ്കിലും മികച്ച ഗോളിനുള്ളവരുടെ പട്ടികയിൽ ബാഴ്സലോണയുടെ താരം ഉൾപ്പെട്ടിട്ടുണ്ട്.