സ്വന്തം ലേഖകൻ
തൃശൂര് അരിന്പൂർ കായൽറോഡിലെ നാലു സെന്റ് കോളനിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പ്രതി കസ്റ്റഡിയിൽ. നാലു സെന്റ് കോളനിയിലെ കെട്ടിട നിർമാണ തൊഴിലാളിയായ കരിയാറ്റിൽ വീട്ടിൽ കുട്ടന്റെ മകൻ കലേഷിനെ (35)യാണ് വെട്ടിക്കൊന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു സെന്റ് കോളനിയിലെ ഓട്ടോ ഡ്രൈവറായ മുറ്റിച്ചൂർ വീട്ടിൽ രതീഷിനെ (33) അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. രതീഷിന്റെ ഭാര്യ ജ്യോതി, പിതാവ് കൊച്ചുമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്.
കലേഷിന്റെ വീടിനകത്തു കയറി വാളുവീശി ഭീഷണപ്പെടുത്തിയ രതീഷിനെ കലേഷ് ചോദ്യം ചെയ്തപ്പോഴാണ് നീളമുള്ള വാളുകൊണ്ട് വെട്ടിയത്. വെട്ടേറ്റ കലേഷ് വീട്ടുമുറ്റത്തുനിന്ന് ഇറങ്ങി ഓടുന്നതിനിടെ കോളനി റോഡിലെ കടയുടെ മുന്നിൽ വീഴുകയായിരുന്നുവെന്ന് കോളനിക്കാർ പറഞ്ഞു. പിന്നാലെയെത്തിയ രതീഷ് കഴുത്തിൽ ആഞ്ഞു വെട്ടുകയായിരുന്നു.
തടയാൻചെന്ന കോളനിക്കാരെ ഇയാൾ വാൾവീശി ഭീഷണിപ്പെടുത്തി അകറ്റി. കലേഷിന്റെ കഴുത്തിലും തലയിലും നിരവധി തവണ ആഞ്ഞുവെട്ടിയത്രെ. അന്തിക്കാട് പോലിസ് വരുന്നതു വരെ ഇയാൾ വാൾ വീശി വെല്ലുവിളി മുഴക്കിക്കൊണ്ടിരുന്നു. പോലീസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
കോളനിയിൽനിന്ന് കുറച്ചകലെയുള്ള ബന്ധുവീട്ടിൽ ഇയാൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അന്തിക്കാട് എസ്എച്ച്ഒ പി.കെ. മനോജ് കുമാർ, എസ്ഐ. എസ്.ആർ.സനീഷ്കുമാറിന്റെ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും യുവാക്കളും നാട്ടുകാരും ചേർന്ന് പുലർച്ചെ മൂന്നു മണിയോടെ വീട് വളഞ്ഞു. അപ്പോഴും വീട്ടിലെ സ്റ്റെയർകെയ്സിൽനിന്ന് വാൾ വീശി ഇയാൾ ഭീഷണി മുഴക്കിക്കൊണ്ടിരുന്നു.
പോലീസ് തോക്കുചൂണ്ടി കീഴ്പ്പെടുത്തുന്ന ഘട്ടമെത്തിയപ്പോൾ നാട്ടുകാരിലൊരാൾ രതീഷിനെ അനുനയിപ്പിക്കുകയായിരുന്നു. ഈ തക്കത്തിൽ രതീഷിനെ പോലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. തൃശൂരിൽ ഓട്ടോ ഡ്രൈവറായ രതീഷ് ഇന്നലെ രാത്രി വീട്ടിൽ വഴക്കിട്ട് ഭാര്യ ജ്യോതിയെ വാളുകൊണ്ട് വെട്ടിയപ്പോൾ തടയാൻ ചെന്ന പിതാവ് കൊച്ചുമോനെയും മർദ്ദിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
നാട്ടുകാരായ യുവാക്കൾ ഓടിയെത്തി ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യ ജ്യോതി വീട്ടിൽനിന്ന് പ്രാണരക്ഷാർത്ഥം ഓടി. പിന്നിട് ഭാര്യയെ തേടി കോളനിയിലെ വീടുകളിൽ കയറി വാളുവീശി ഭീഷണി മുഴക്കുന്നതിനിടെയാണ് കലേഷിനെ വെട്ടിയത്. തങ്കയാണ് കലേഷിന്റെ അമ്മ. സഹോദരങ്ങൾ: കണ്ണൻ, കാഞ്ചന. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് സംസ്ക്കാരം നടത്തും.