സ്വന്തം ലേഖകൻ
തൃശൂർ: പോലീസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് പുതിയ നടപടികളുമായി കേരള പോലീസ്. ജനങ്ങൾക്കും മാധ്യമങ്ങൾക്കും പോലീസുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയിപ്പുകളും നൽകുന്നത് കൂടുതൽ ഫലവത്താക്കുന്നതിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംവിധാനം ഒരുങ്ങുന്നു. സംസ്ഥാനതലത്തിൽ പോലീസിന്റെ പബ്ലിക് റിലേഷൻസ് കേന്ദ്രമായി പ്രവർത്തിക്കുന്ന പോലീസ് ഇൻഫർമേഷൻ സെന്ററിന്റെ മാതൃകയിൽ ഇനി മുതൽ ജില്ലാതലങ്ങളിലും ഇൻഫർമേഷൻ സെല്ലുകൾ രൂപീകരിക്കും.
ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തനം, വിവര സാങ്കേതിക വിദ്യ എന്നിവയിൽ അഭിരുചിയും താത്പര്യവുമുള്ള രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ ഉൾപ്പെടുത്തിയാണ് ജില്ലാതല ഇൻഫർമേഷൻ സെന്ററുകൾക്ക് രൂപം നൽകുന്നത്.
സ്റ്റേഷനുകൾ, ഡിവൈെസ്പി ഓഫീസുകൾ, ജില്ല പോലീസ് ആസ്ഥാനം എന്നിവിടങ്ങളിൽ നിന്നുള്ള പത്രക്കുറിപ്പുകളും അറിയിപ്പുകലും ഈ കേന്ദ്രങ്ങൾ വഴിയേ നൽകാവൂ എന്നും ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. ഇത്തരം എല്ലാ അറിയിപ്പുകളും പോലീസ് ആസ്ഥാനത്തെ ഇൻഫർമേഷൻ സെന്ററുകളിലേക്ക് ജില്ല ഇൻഫർമേഷൻ സെന്ററുകളിൽനിന്ന് അയക്കാനും നിർദേശമുണ്ട്.
സംസ്ഥാനാടിസ്ഥാനത്തിൽ നൽകേണ്ട വിവരങ്ങൾ സംസ്ഥാന പോലീസ് ഇൻഫർമേഷൻ സെന്റർ വഴി ഡെപ്യൂട്ടി ഡയറക്ടർക്ക് അയച്ചു നൽകി അതുവഴി വിതരണം ചെയ്യണം. പോലീസിന്റെ പത്രസമ്മേളനങ്ങൾക്കും നിർദേശങ്ങളുണ്ട്. പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്നതിന് ആവശ്യമെങ്കിൽ ജില്ല പോലീസ് മേധാവിമാർക്ക് പത്രസമ്മേളനം വിളിക്കാം. എന്നാൽ അതിനു താഴെയുള്ള ഉദ്യോഗസ്ഥർ അനിവാര്യമായ സന്ദർഭങ്ങളിൽ പത്രസമ്മേളനം നടത്തുന്നതിന് ഡിജിപിയുടെ അനുമതി വാങ്ങണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പത്രക്കുറിപ്പുകളും അറിയിപ്പുകളും സോഷ്യൽ മീഡിയയിൽ കൂടുതൽ ഫലപ്രദമായി എത്തിക്കുന്നതിന് സംസ്ഥാന പോലീസ് ഇൻഫർമേഷൻ സെന്ററിന് പുതിയ ഫെയ്സ്ബുക്ക് പേജും സജ്ജമായിട്ടുണ്ട്. നവമാധ്യമസാധ്യതകൾ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയെന്ന കാഴ്ചപ്പാടോടെ ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളും കേരള പോലീസ് ആരംഭിച്ചു. ജില്ലകൾക്കും ട്രാഫിക് ഉൾപ്പടെ സ്പെഷ്യൽ യൂണിറ്റുകൾക്കും ഫെയ്സ്ബുക്ക് പേജ് നിലവിലുണ്ട്.
പോലീസ് ഫോട്ടോഗ്രാഫർമാർ എടുക്കുന്ന ഫോട്ടോകൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുളള കേന്ദ്രീകൃത സംവിധാനമായ ഐ ആർക്ക് കേരളപോലീസിൽ നിലവിൽ വന്നുകഴിഞ്ഞു.സംസ്ഥാനത്തെ വിവിധ ജില്ല ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും സംസ്ഥാനതലത്തിലും പോലീസിന് ഫോട്ടോഗ്രാഫി ബ്യൂറോകളുണ്ട്.
പോലീസ് ചടങ്ങുകൾ, മറ്റു പരിപാടികൾ തുടങ്ങി വിവിധ സന്ദർഭങ്ങളിലെടുക്കുന്ന ഫോട്ടോകൾ ഒരു കേന്ദ്രീകൃത സെർവറിൽ ടാഗ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഐ ആർക്കിലുള്ളത്. കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഈ സംവിധാനം ഏതാനും മാസങ്ങളായി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു.കുറ്റാന്വേഷണത്തിന് മികച്ച പിന്തുണ നൽകുന്ന ഫോട്ടോഗ്രാഫർമാർക്ക് ബാഡ്ജ് ഓഫ് ഓണറിന് തുല്യമായ പുരസ്കാരങ്ങളും ഏർപ്പെടുത്തും.