കൊച്ചി: ബിനാനിപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. രശ്മിയെ അപകീർത്തിപ്പെടുത്തും വിധം പോസ്റ്ററുകൾ പതിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു.
ബിനാനിപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മുന്നിൽ നടന്ന പ്രതിഷേയോഗം കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. ദീപ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ഷിനിൽ അധ്യക്ഷത വഹിച്ചു. ഡോ. പി.ജെ. സിറിയക്, ഡോ. സൈന മേരി, ഡോ. അനൂപ് എന്നിവർ പ്രസംഗിച്ചു.
ബിനാനിപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്നീഷനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 12 ന് എഐവൈഎഫിന്റെ നേതൃത്വത്തിൽ ആശുപത്രി ഉപരോധിച്ചിരുന്നു. ലാബ് ടെക്നീഷനെ നിയമിക്കേണ്ടത് പഞ്ചായത്താണെന്ന് അറിയിച്ചിട്ടും ഇവർ മടങ്ങിപ്പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.
ആശുപത്രിയുടെ പ്രവർത്തനവും ജോലിയും തടസപ്പെടുത്തിയതിന് പ്രതിഷേധക്കാർക്കെതിരേ ഡോ. രശ്മി പരാതി നൽകുകയും ചെയ്തു. ഇതിന്റെ പ്രതികാരമെന്നവിധമാണ് ഡോക്ടർക്കെതിരേ അപകീർത്തികരമായ പോസ്റ്ററുകൾ ഉയർന്നത്. ആശുപത്രി സംരക്ഷണ നിയമപ്രകാരം കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് ഇന്നലെ പ്രതിഷേധ യോഗം ചേർന്നത്.
തീരുമാനം ആയില്ലെങ്കിൽ ഇന്നു മുതൽ ബിനാനിപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒപി ബഷ്കരിക്കുമെന്ന് ഡോ. പി.ജെ. സിറിയക് പറഞ്ഞു. ഒപ്പം ജില്ലാ, താലൂക്ക് ആശുപത്രികളിൽ പ്രതിഷേധ യോഗങ്ങളും ഡിഎംഒ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സത്യഗ്രഹവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.