ചക്കിട്ടപാറ: ഡോ. വി.കെ. മനോജ് കുര്യാക്കോസിന്റെയും ഭാര്യ ജയശ്രീ ടീച്ചറുടെയും സ്വപ്ന പദ്ധതിക്കു സാക്ഷാത്കാരം. 14 കുടുംബങ്ങൾക്കു സ്ഥലം സൗജന്യമായി നൽകുന്നതിന്റെ രേഖാ കൈമാറ്റം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. ഇതോടെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോടയിൽ കടന്തറപ്പുഴ തീരത്ത് ഡോ. മനോജിന്റെ മുത്തശൻ പശുക്കടവിലെ കുഞ്ഞ് ഔസേപ്പിന്റെ സ്മാരകമുയരുന്നതിനും തുടക്കമായി.
തങ്ങൾ നൽകുന്ന ഒരേക്കർ ഭൂമിയിലുയരുന്ന വീടുകളുടെ സമുച്ചയം അമ്മയുടെ പിതാവിന്റെ സ്മാരകമായി അറിയപ്പെടണമെന്ന നിബന്ധന മാത്രമേ സ്ഥലം കൈമാറ്റത്തിൽ ഡോ. മനോജ് മുന്നോട്ടു വച്ചുള്ളൂ.പെരുവണ്ണാമൂഴിയിൽ നടന്ന ചടങ്ങിൽ ആധാരം കൈമാറി. കുടുംബത്തിന്റെ ഹൃദയ വിശാലത ഏവർക്കും ഉത്തമ മാതൃകയാണെന്നു മന്ത്രി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ഷീജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സുനിൽ, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി, ബ്ലോക്കു പഞ്ചായത്തംഗം ജിതേഷ് മുതുകാട്, നേതാക്കളായ ബേബി കാപ്പുകാട്ടിൽ, പി.പി. കുമാരൻ, പ്രകാശ് മുള്ളൻകുഴി, വി.വി. കുഞ്ഞിക്കണ്ണൻ, ആവള ഹമീദ്, പത്മനാഭൻ പി. കടിയങ്ങാട്, ബിജു ചെറുവത്തൂർ, രാജൻ വർക്കി, ഇ.എം. ശ്രീജിത്ത്, ഡോ. വി.കെ. മനോജ് എന്നിവർ പ്രസംഗിച്ചു. സ്ഥല കൈമാറ്റ കാര്യങ്ങൾ നിർവഹിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്തംഗം ജയേഷ് മുതുകാട് സംബന്ധിച്ചു.