തിരുവനന്തപുരം: കേരളത്തിന്റെ പുനർ നിർമാണത്തിനു കൈത്താങ്ങാകാൻ ആവിഷ്കരിച്ച നവകേരള ഭാഗ്യക്കുറി വില്പന സൂപ്പർ ഹിറ്റ്. വിൽപ്പന തുടങ്ങിയ സെപ്റ്റംബർ മൂന്നു മുതൽ ഇന്നലെ വരെ തിരുവനന്തപുരം ജില്ലയിൽ വിറ്റുവരവ് 20 കോടി രൂപ കടന്നു. എട്ടു ലക്ഷത്തിനുമേൽ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്.
നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽനിന്നു കേരളത്തെ കരയേറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായാണു നവകേരള എന്ന പേരിൽ സർക്കാർ ഭാഗ്യക്കുറി തുടങ്ങിയത്. ഈ മാസം മൂന്നിനു വിൽപ്പന ആരംഭിച്ച ഭാഗ്യക്കുറിയെ ജില്ല ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്നലെ വരെ 8,28,560 ടിക്കറ്റുകൾ വിറ്റുപോയതായി ജില്ലാ ഭാഗ്യക്കുറി ഓഫിസിൽനിന്ന് അറിയിച്ചു.250 രൂപയാണു ടിക്കറ്റിന്റെ വില. ഒക്ടോബർ മൂന്നിനാണു നറുക്കെടുപ്പ്.
ഒരു ലക്ഷം രൂപയുടെ 90 ഒന്നാം സമ്മാനങ്ങളും അയ്യായിരം രൂപയുടെ 100800 സമ്മാനങ്ങളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.നവകേരള ലോട്ടറിയിൽനിന്നു ലഭിക്കുന്ന വരുമാനം പൂർണമായും കേരളത്തിന്റെ പ്രളയ ദുരിതാശ്വാസത്തിനായിട്ടാകും ഉപയോഗിക്കുക. നിലവിലുള്ള ഏജന്റുമാർക്കു പുറമേ രാഷ്ട്രീയ, സാംസ്കാരിക, സന്നദ്ധ സംഘടനകൾ, സർവീസ് സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബുകൾ, കോളജ് പിടിഎകൾ, ഗ്രന്ഥശാലകൾ, കുടുംബശ്രീ സംഘങ്ങൾ, വ്യക്തികൾ തുടങ്ങിയവർക്കു നവകേരള ലോട്ടറി വിൽക്കുന്നതിനു താത്കാലിക ഏജൻസി അനുവദിച്ചാണു ടിക്കറ്റ് വിൽപ്പന നടത്തുന്നത്.
ഏജൻസി എടുക്കുന്നവർക്ക് 25 ശതമാനം ഏജൻസി ഡിസ്കൗണ്ട് ലഭിക്കും. സമ്മാനാർഹമായ ടിക്കറ്റുകൾക്ക് പത്തു ശതമാനം ഏജൻസി പ്രൈസും ലഭിക്കും. ഭാഗ്യക്കുറിയുടെ പതിവ് സമ്മാന ഘടനയിൽനിന്നു മാറി നവകേരള സൃഷ്ടിക്കുള്ള നിക്ഷേപം എന്ന നിലയ്ക്കാണു ലോട്ടറി വിൽപ്പന.
ഇതു ജനങ്ങൾ പൂർണ മനസോടെ ഏറ്റെടുത്തുവെന്നതാണ് ഭാഗ്യക്കുറി ടിക്കറ്റ് വിൽപ്പനയിലെ അഭൂതപൂർവമായ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്.സംസ്ഥാനമൊട്ടാകെ 90 ലക്ഷം നവകേരള ഭാഗ്യക്കുറികൾ വിൽക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ കഴിയാവുന്നത്രയും ടിക്കറ്റുകൾ വിറ്റഴിച്ച് നവകേരള സൃഷ്ടിയുടെ ഭാഗമാകാനുള്ള തയാറെടുപ്പിലാണ് ജില്ല.