പത്ത് വര്‍ഷത്തിലധികം നീണ്ട പ്രണയം വിവാഹത്തിലേയ്ക്ക്! ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി കശ്യപും വിവാഹിതരാവുന്നു

ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കായിക താരങ്ങള്‍ തമ്മിലുള്ള പ്രണയവും വിവാഹവും പുതുമയുള്ള കാര്യമല്ല. എല്ലാക്കാലത്തും നമ്മുടെ രാജ്യത്ത് അത് സംഭവിക്കാറുമുണ്ട്. ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാളും പി കശ്യപും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കശ്യപും സൈനയും വിവാഹത്തിലേക്ക് കടക്കുന്നത്. പത്ത് വര്‍ഷത്തോളം ദൈര്‍ഘ്യമുള്ള പ്രണയം ഇരുവരും രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. അതാണിപ്പോള്‍ വിവാഹത്തിലേയ്ക്ക് എത്തിയിരിക്കുന്നത്.

2005 മുതല്‍ പുല്ലേല ഗോപിചന്ദിന് കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. പത്തുവര്‍ഷത്തിലധികമായി ഇരുവരും പ്രണയത്തിലാണ്. വിവാഹവുമായി ബന്ധപ്പെട്ട ആലോചനകള്‍ ഏറെ നാളായി നടക്കുന്നുണ്ട്. തിയതി തീരുമാനിച്ചത് ഇപ്പോഴാണെന്ന് മാത്രം.

ലോകത്തെ മികച്ച വനിതാ ബാഡ്മിന്റണ്‍ താരങ്ങളിലൊരാളാണ് സൈന. ഇതുവരെ ഇരുപത് പ്രധാന ചാംപ്യന്‍ഷിപ്പുകളില്‍ സൈന കിരീടം നേടിയിട്ടുണ്ട്. ഒളിംപിക്‌സ് വെങ്കലം, ലോക ചാംപ്യന്‍ഷിപ്പ് വെള്ളി ഇങ്ങനെ നീളുന്നു സൈനയുടെ നേട്ടം. നിലവില്‍ കൊറിയന്‍ ഓപ്പണില്‍ പങ്കെടുത്ത് മുന്നേറുകയാണ് താരം.

ഒരുകാലത്ത് ലോക റാങ്കിംഗില്‍ ആറാമതെത്തിയ താരമാണ് പി കശ്യപ്. എന്നാല്‍ പരിക്ക് വില്ലനായതോടെ കശ്യപ് മുന്‍ നിരയില്‍ നിന്ന് മാറുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണനേട്ടത്തിന് പിന്നാലെ, തന്റെ കരിയറില്‍ കശ്യപ് നല്‍കുന്ന പിന്തുണയെക്കുറിച്ച് സൈന തുറന്ന് സംസാരിച്ചിരുന്നു. ഡിസംബര്‍ 16നാണ് വിവാഹം. ഡിസംബര്‍ 21നാകും വിവാഹസത്ക്കാരചടങ്ങുകള്‍ നടക്കുക.

Related posts