മുംബൈ: ഐഎൽ ആൻഡ് എഫ്എസ് തകരാൻ അനുവദിക്കില്ലെന്നു ലൈഫ് ഇൻഷ്വറൻസ് കോർപറേഷനും (എൽഐസി) കേന്ദ്ര ധനമന്ത്രാലയ വക്താക്കളും പ്രഖ്യാപിച്ചു. ഇതോടെ ഓഹരിവിപണിക്ക് ആശ്വാസമായി. ഓഹരികൾ തിരിച്ചുകയറി.
സെൻസെക്സ് 347.04 പോയിന്റ് ഉയർന്ന് 36,652.06ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 100.05 പോയിന്റ് കയറി 11,067.45-ൽ അവസാനിച്ചു. വലിയ ചാഞ്ചാട്ടമാണ് ഇന്നലെ കന്പോളത്തിൽ കണ്ടത്. സെൻസെക്സ് 36,705.79 വരെ കയറുകയും 36,064.1 വരെ താഴുകയും ചെയ്തു. നിഫ്റ്റി 10,882.85 മുതൽ 11,080.6 വരെ ചാഞ്ചാടി.
എൽഐസി ഇടപെടും
അഞ്ചുദിവസം തുടർച്ചയായി താഴോട്ടു പോയ കന്പോളത്തിന്റെ ഇന്നലത്തെ ആശ്വാസറാലി എല്ലാം ഭദ്രമായെന്ന് ഉറപ്പുനൽകുന്നില്ല. ധനകാര്യ കന്പനികളുടെ കാര്യത്തിലെ ആശങ്കയ്ക്കു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷമാത്രമേ ഇപ്പോഴുമുള്ളൂ. 91,000 കോടി രൂപ കടമുള്ള ഐഎൽ ആന്ഡ് എഫ്എസിനെ രക്ഷിക്കണമെങ്കിൽ വലിയ തുക മുടക്കണം. എൽഐസിയും എസ്ബിഐയും മറ്റും അതിനു തയാറാകുമെന്ന് ഉറപ്പില്ല. ജപ്പാനിലെ ഓറിക്സ് കോർപറേഷന് ഗ്രൂപ്പിന് ഐഎൽ ആൻഡ് എഫ്എസിനെ കൈമാറാനുള്ള ആലോചനകളും നടക്കുന്നുണ്ട്. അതിവേഗം പരിഹാരമായില്ലെങ്കിൽ വീണ്ടും പ്രശ്നങ്ങൾ ഉടലെടുക്കും. ചെറുകിട വ്യവസായ വികസന ബാങ്കിന് (സിഡ്ബി) അടക്കം ആയിരക്കണക്കിനു കോടി രൂപയുടെ ബാധ്യത ഈ ദിവസങ്ങളിൽ തീർക്കേണ്ടതുണ്ട്.
രൂപയും ക്രൂഡും
ധനകാര്യമേഖല നേരേയായാലും രൂപ, ക്രൂഡ് ഓയിൽ, പലിശ പ്രശ്നങ്ങൾ തുടരുകയാണ്. ഡോളറിന് ഇന്നലെയും ആറു പൈസ കൂടി. ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്കു നീങ്ങുകയാണെന്ന് ഉറപ്പായി. ഇന്നലെ ക്രൂഡ് വീപ്പയ്ക്ക് 82 ഡോളർ കടന്നു. വർഷാവസാനത്തിനു മുന്പ് ക്രൂഡ് 100 ഡോളറിലെത്തിയാൽ ഇന്ത്യയുടെ വ്യാപാര കമ്മി പിടിവിട്ട് കൂടും. അതു രൂപയുടെ വിലത്തകർച്ചയ്ക്കുള്ള ക്ഷണപത്രമാകും.
ഫെഡ് പലിശ കൂട്ടും
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) ഇന്നു പലിശ കൂട്ടുമെന്നാണു കണക്കുകൂട്ടൽ. ഫെഡിന്റെ പണനയ കമ്മിറ്റി യോഗം ഇന്നലെ തുടങ്ങി. പലിശ കാൽശതമാനം വർധിപ്പിച്ചാൽ അമേരിക്കയിലേക്കുള്ള മൂലധനമൊഴുക്ക് കൂടും. അത് ഇന്ത്യയിലെ ഓഹരി-കടപ്പത്ര കന്പോളങ്ങളിൽനിന്നു നിക്ഷേപം പിൻവലിക്കാൻ ഇടയാക്കും. ഡോളർ വില കൂടും
ഫെഡിനു ബദലായി ഇന്ത്യയുടെ റിസർവ് ബാങ്കും പലിശ ഉയർത്തേണ്ടതാണ്. പക്ഷേ, ആഭ്യന്തര ധനകാര്യ വിപണി പലിശകൂട്ടാൻ പറ്റിയ നിലയിലല്ല. ഇപ്പോൾത്തന്നെ ധനകാര്യ കന്പനികൾ ഉയർന്ന പലിശയാണു നൽകുന്നത്. പലിശ ഇനിയും കൂട്ടിയാൽ അവ പലതും പ്രതിസന്ധിയിലാകും. ഒക്ടോബർ ആദ്യം ചേരുന്ന റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി പലിശനിരക്കോ കരുതൽ പണ അനുപാതമോ കുറയ്ക്കണമെന്നാണു ഗവൺമെന്റ് ആവശ്യപ്പെടുന്നത്.
പ്രതിസന്ധിയിലേക്ക്
അമേരിക്ക-ചൈന വ്യാപാര യുദ്ധംപോലുള്ള വിഷയങ്ങൾ വാർത്താപ്രാധാന്യം നേടുന്നുണ്ടെങ്കിലും തത്കാലം ഇന്ത്യയെ അതു ബാധിക്കുന്നില്ല. എന്നുമാത്രമല്ല, വ്യാപാരയുദ്ധത്തിനുപോലും പിടിച്ചുനിർത്താനാവാത്ത വിധം ക്രൂഡ് ഓയിൽ വില കുതിച്ചുപായുകയാണ്. അത് ഇന്ത്യയിൽ വിലക്കയറ്റം കൂട്ടും; ഒപ്പം വിദേശനാണ്യ പ്രതിസന്ധിയുണ്ടാക്കും.
ഇന്ധനവില പിടിച്ചുനിർത്താൻ നടപടിയെടുത്താൽ ബജറ്റ് കമ്മി കൂടും. അതു വീണ്ടും പ്രശ്നങ്ങളിലേക്കു നയിക്കും. വ്യാപാരകമ്മി കൂടാതിരിക്കാൻ ക്രൂഡ് ഇറക്കുമതി കുറയ്ക്കുന്നതു ജനരോഷം വിളിച്ചുവരുത്തും. അതു വിലക്കയറ്റം കൂട്ടുകയുംചെയ്യും. ഈ പ്രതിസന്ധി എങ്ങനെയാണു തരണംചെയ്യുക എന്നാണു കന്പോളം ഉറ്റുനോക്കുന്നത്.
ഡോളറിന് 72.69 രൂപ
മുംബൈ: ഡോളറിന് ഇന്നലെ ആറു പൈസ കൂടി 72.69 രൂപയായി. ഒരവസരത്തിൽ 72.89 രൂപ വരെ കയറിയിട്ടാണു ഡോളർ പിൻവാങ്ങിയത്.ക്രൂഡ് ഓയിൽ വില ഉയരുന്നതും അമേരിക്ക പലിശ കൂട്ടുന്നതും വരും ദിവസങ്ങളിൽ രൂപയ്ക്കു വീണ്ടും ക്ഷീണമാകും എന്നാണു വിലയിരുത്തൽ.