കൊച്ചി: അനധികൃതമായി നിലംനികത്തി ലേക് പാലസ് റിസോർട്ടിലേക്ക് റോഡ് നിർമിച്ച കേസിൽ മുൻമന്ത്രി തോമസ് ചാണ്ടിയുടെ മക്കളായ ഡോ. ടോബി ചാണ്ടി, ബെറ്റി ചാണ്ടി എന്നിവർക്കെതിരേ തെളിവുകളില്ലെന്നു വിജിലൻസ്. ഇവരെ കേസിൽനിന്ന് ഒഴിവാക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് വിജിലൻസ് സംഘം ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ ഡയറക്ടർമാരായ മേരി ചാണ്ടിക്കും ജോണ് മാത്യുവിനുമെതിരെ തെളിവുണ്ടെന്നു വിജിലൻസ് വ്യക്തമാക്കി.
തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കന്പനിയുടെ ലേക് പാലസ് റിസോർട്ടിലേക്ക് കരുവേലി പാടശേഖരത്തിലൂടെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി നിലംനികത്തി റോഡ് നിർമിച്ചെന്നാണ് പ്രതികൾക്കെതിരായ കേസ്.
തോമസ് ചാണ്ടിയും മക്കളും ഭാര്യയുമുൾപ്പെടെ 22 പേരെ കേസിൽ പ്രതികളാക്കിയിരുന്നു. ആലപ്പുഴ മുൻ ജില്ലാ കളക്ടർ വേണുഗോപാൽ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരും കേസിൽ പ്രതിയാണ്. നിലം നികത്തി റോഡ് നിർമിച്ച കാലയളവിൽ ടോബി ചാണ്ടി ഡയറക്ടറായിരുന്നെങ്കിലും അഴിമതിയിൽ പങ്കുണ്ടെന്നതിന് തെളിവില്ലെന്നു സത്യവാങ്മൂലം പറയുന്നു.
ബെറ്റി ചാണ്ടി നാട്ടിലുണ്ടായിരുന്നില്ലെന്നും വിജിലൻസ് വ്യക്തമാക്കുന്നു. 2003ൽ ലേക് പാലസ് റിസോർട്ടിന്റെ നിർമാണം നടക്കുന്പോൾ റോഡ് ഉണ്ടായിരുന്നില്ല. എംപി ഫണ്ട് ദുരുപയോഗം ചെയ്ത് 2011ൽ ഇവിടേക്ക് റോഡ് നിർമിച്ചു. പൊതു ആവശ്യത്തിന് നിലം നികത്തണമെങ്കിൽ സർക്കാരിന്റെ അനുമതിയും സംസ്ഥാനതല നിരീക്ഷണ സമിതിയുടെ പരിശോധനയുമൊക്കെ വേണം. ഇതൊക്കെ മറികടന്നാണ് റോഡ് നിർമിച്ചത്.
പ്രാഥമികാന്വേഷണത്തിൽ റോഡ് നിർമിച്ചതിനു പുറമേ റിസോർട്ടിന്റെ പാർക്കിംഗ് ഏരിയ ഉൾപ്പെടെ എട്ട് സ്ഥലങ്ങളിൽ നിലം നികത്തിയതായി കണ്ടെത്തി. ഇതുവരെയുള്ള അന്വേഷണത്തിൽ പൊതുജന സേവകർ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും റിസോർട്ട് അധികൃതർക്ക് അന്യായമായ നേട്ടമുണ്ടാക്കിക്കൊടുത്തെന്നും കണ്ടെത്തിയിട്ടുണ്ട്.