തന്റെ രണ്ടാമത്തെ പുസ്തകമായ ചങ്കിലെ ചൈനയെക്കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ പുറത്തു വരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി യുവജന കമ്മീഷന് ചെയര്മാന് ചിന്ത ജെറോം. ട്രാളുകളില് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും ഇതൊന്നും തനിക്ക് പുതുമയുള്ള കാര്യമല്ലെന്നും ചിന്ത വ്യക്തമാക്കി.
ഒരു രക്ഷയുമില്ല. ഞാന്‍ തൊടുന്നതെല്ലാം ട്രോളാണല്ലോ എന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. ബുക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളുകള്‍ വരുന്നുണ്ട്. ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഞാന്‍ എന്റെ കാര്യങ്ങള്‍ നോക്കുന്നു. എന്റെ വഴിക്ക് പോകുന്നു എന്നതിന് അപ്പുറം ഞാന്‍ ഒന്നും നോക്കാറില്ല. പിന്നെ, സ്വതവേ എനിക്ക് ട്രോളുകളോടൊക്കെ വളരെ പോസിറ്റീവായിട്ടുള്ള നിലപാടാണ്’. ചിന്ത പറഞ്ഞു.
2015ല്‍ ഞാന്‍ ചൈനയിലേക്ക് നടത്തിയ യാത്രയുടെ വിവരണമാണത്. ചെറുപ്പം തൊട്ടേ ചൈനയെ കുറിച്ച് നമുക്കൊരു ധാരണ ഉണ്ടല്ലോ? നമ്മുടെ ചങ്കിലുള്ള ചൈന തന്നെയാണോ യഥാര്‍ത്ഥത്തില്‍ ചൈന എന്നുള്ള അന്വേഷണം കൂടിയാണ് ആ യാത്രയെന്നും ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ചിന്ത പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. ചൈനയിലേക്ക് നടത്തിയ യാത്രയുടെ ഓര്മ പുസ്തകമാണ് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ”ചങ്കിലെ ചൈന”യെന്നും പ്രളയകാലത്തു കേരളത്തിനു കരുത്തായ യുവതയ്ക്കാണ് ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നതെന്നും ചിന്ത പറഞ്ഞിരുന്നു.
ഇക്കാര്യം പങ്കുവെച്ചുള്ള ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകളുണ്ടായിരുന്നു.