കോട്ടയം: പള്ളത്ത് വീട് ആക്രമിച്ച് സ്ത്രീയെ പരിക്കേൽപിച്ച സംഭവത്തിനു പിന്നിലുള്ള ആറംഗ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചു. എന്നാൽ ഇവർ എന്തിനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. ക്വട്ടേഷൻ ആയിരുന്നോ എന്നും സംശയിക്കുന്നു.
തിങ്കളാഴ്ച അർധരാത്രിയിലാണ് ആക്രമണമുണ്ടായത്. പള്ളത്ത് ഒരു വീട്ടിൽ അഭയം തേടിയ പൂന്തുറ സ്വദേശിനിക്കാണ് കന്പികൊണ്ടുള്ള കുത്തേറ്റത്. അക്രമികൾ ആദ്യം കതകിൽ മുട്ടിയെങ്കിലും വാതിൽ തുറന്നില്ല. ഒടുവിൽ ജനൽ തുറന്ന് എന്താണെന്നു നോക്കിയപ്പോഴാണ് കന്പി കൊണ്ടുള്ള കുത്തേറ്റത്.
കണ്ണിന് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷാ പൊൻപള്ളി ഭാഗത്ത് ഒരു വൈദ്യുതി തൂണിൽ ഇടിച്ച നിലയിൽ കണ്ടെത്തി. മണർകാട് പോലീസ് ഈ സമയം പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു.
ചിങ്ങവനം പോലീസ് അറിയിച്ചതനുസരിച്ച് മണർകാട് പോലീസ് എത്തിയപ്പോഴേക്കും പ്രതികൾ ആറ്റിൽ ചാടി രക്ഷപ്പെട്ടു. ഓട്ടോറിക്ഷ ഇപ്പോൾ മണർകാട് പോലീസിന്റെ കസ്റ്റഡിയിലാണ്. അയ്മനം സ്വദേശികളാണ് അക്രമികളെന്ന് സൂചനയുണ്ട്. പൂന്തുറ സ്വദേശി സ്ത്രീ വെള്ളപ്പൊക്ക സമയത്ത് പള്ളത്തെ വീട്ടിൽ താമസിക്കാൻ എത്തിയിരുന്നു.
പിന്നീട് മടങ്ങിപ്പോയ ഇവർ ഭർത്താവുമായി പിണങ്ങി വീണ്ടും എത്തിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ അക്രമികൾക്ക് പൂന്തുറ സ്വദേശിയോട് എന്താണ് വൈരാഗ്യമെന്ന് വ്യക്തമല്ല. ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടാനാകുമെന്നാണ് പോലീസ് പറയുന്നത്.