കൊച്ചി: റസ്റ്ററന്റിലെ തൊഴിലാളിയെ മർദിക്കുന്നത് ചോദ്യംചെയ്ത യൂബർ ഈറ്റ്സ് (ഓണ്‍ലൈൻ ഭക്ഷണ വിതരണ ശൃംഖല) ജീവനക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു. സംഭവത്തിൽ റസ്റ്ററന്റ് ഉടമകളായ രണ്ടു പേർക്കെതിരേയും കണ്ടാലറിയാവുന്ന രണ്ടു ജീവനക്കാർക്കെതിരേയുമാണു കേസെടുത്തിട്ടുള്ളത്.
ജാമ്യം ലഭിക്കാവുന്ന കേസുകളാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്. മലപ്പുറം നിലന്പൂർ സ്വദേശി ജവാഹിർ ഉൽ ഇസ്ലാ(ജവഹർ കാരാട് -27)മിനെയാണ് ഇടപ്പള്ളി മരോട്ടിച്ചോടുള്ള റസ്റ്ററൻറിലെ ഉടമകളും സംഘവും മർദിച്ചത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു സംഭവം. യൂബർ ഈറ്റ്സിന്റെ ഓർഡർ എടുക്കാനായി റസ്റ്ററന്റിൽ എത്തിയപ്പോൾ ഉടമയും ജീവനക്കാരും ചേർന്ന് ഇതേ റസ്റ്ററന്റിലെ ജീവനക്കാരനെ മർദിക്കുന്നതു കണ്ട് ചോദ്യം ചെയ്തപ്പോഴാണ് യുവാവിനു മർദനമേറ്റത്.
പത്തോളം പേർ ചേർന്ന് റസ്റ്ററൻറിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി അര മണിക്കൂറോളം തടഞ്ഞുവച്ച് മർദിക്കുകയായിരുന്നുവെന്ന് ജവാഹിർ പോലീസിന് മൊഴി നൽകിയത്. യുവാവിന്റെ വലത് ചെവിക്കും തോളിനുമാണു പരിക്ക്. യുവാവിനെ മർദിച്ച വിവരം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഹോട്ടലിനെതിരേ പ്രതിഷേധം ശക്തമായിരുന്നു.
യുവാവ് ജോലി ചെയ്തിരുന്ന ഓണ്‍ലൈൻ ഭക്ഷണ വിതരണ ശൃംഖലയിലെ ജീവനക്കാർ ഇന്നലെ ഹോട്ടൽ ഉപരോധിച്ചിരുന്നു. തുടർന്ന് പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. പ്രളയ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങളിലൊക്കെ ജവാഹിറുൾ സജീവമായിരുന്നു. ജവഹർ കാരാട് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മലപ്പുറത്തുനിന്നു തൊഴിൽ തേടി കൊച്ചിയിൽ വന്നതാണ് ജവഹർ.