കോട്ടയം: കെവിൻ വധക്കേസിൽ വിചാരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നിയോഗിച്ച സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയെ സമീപിക്കും. ദുരഭിമാന കൊലക്കേസുകളുടെ വിചാരണ കുറ്റപത്രം നല്കി ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി വിധിയുണ്ട്.
ഈ വിധിയുടെ അടിസ്ഥാനത്തിലാണ് സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.സി.എസ്.അജയൻ കോടതിയെ സമീപിക്കുന്നത്. കെവിൻ കേസ് പരിഗണിക്കുന്ന കോട്ടയം ഫാസ്റ്റ്ട്രാക്ക് ഒന്നാം കോടതി ജഡ്ജി സനൽ കുമാറിന് സ്പെഷൽ പ്രോസിക്യൂട്ടർ ഇന്ന് ഹർജി നല്കും.
കേസിലെ എട്ടും ഒൻപതും പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി നിരസിച്ചത് കേസ് വിചാരണ ഉടൻ ആരംഭിക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ്. കോട്ടയം ചവിട്ടുവരിയിൽ വാടകയ്ക്കു താമസിക്കുന്ന പ്ലാത്തറയിൽ ജോസഫിന്റെ മകൻ കെവിൻ പി. ജോസഫിനെ കഴിഞ്ഞ മേയ് 27 പുലർച്ചെ രണ്ടരയോടെ മാന്നാനത്തെ ബന്ധുവീട്ടിൽ നിന്നു തട്ടിക്കൊണ്ടു പോകുകയും പിറ്റേന്നു പുലർച്ചെ തെന്മലയ്ക്കു സമീപം ചാലിയക്കര തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
ഉയർന്ന ജാതിയിൽപ്പെട്ട പെണ്കുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ചതിലുള്ള ദുരഭിമാന കൊലയാണിതെന്ന് പോലീസ് വ്യക്തമാക്കുന്നു. കെവിന്റെ ഭാര്യാ സഹോദരൻ തെന്മല ഒറ്റയ്ക്കൽ സാനുഭവനിൽ ഷാനു ചാക്കോയെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ മാസം 21നാണ് അന്വേഷണസംഘം ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഏറ്റുമാനൂരിൽ നിന്ന് കേസ് പിന്നീട് കോട്ടയം ഫാസ്റ്റ്ട്രാക്കിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. കേസിൽ 14 പ്രതികളാണുള്ളത്. ഷാനു ചാക്കോ, സുഹൃത്തുക്കളായ നിയാസ് മോൻ, നിയാസ് ഇസ്മായേൽ, റിയാസ്, നീനുവിന്റെ പിതാവ് ചാക്കോ, മനു മുരളീധരൻ, ഷിഫിൻ സജാത്, എൻ. നിഷാദ്, ടിറ്റു ജെറോം, വിഷ്ണു, ഫസിൽ ഷെറീഫ്, ഷാനു, ഷിനു, റെനീഷ് എന്നിവരെ പ്രതി ചേർത്താണു കുറ്റപത്രം സമർപ്പിച്ചത്.
ഗൂഡാലോചന (120 ബി), രാത്രിയിൽ വീടു തകർത്ത് അതിക്രമിച്ച് കടക്കൽ (449), നാശനഷ്്ടം വരുത്തൽ (427), അനീഷിന്റെ കഴുത്തിൽ കത്തി വയ്ക്കൽ (506 (2)), മർദ്ദനം (323), വണ്ടിയേൽ തടഞ്ഞുവയ്ക്കൽ (342), തെളിവ് നശിപ്പിൽ (201), തണ്ടിക്കൊണ്ടുപോകൽ (364), തടങ്കലിൽവച്ചു വിലപേശൽ (364 (എ)), കൊലപാതകം (302) എന്നി വകുപ്പുകൾ ചുമത്തിയാണു കുറ്റപത്രം സമർപ്പിച്ചത്.
അന്വേഷണസംഘത്തെ സഹായിക്കാൻ ഗവണ്മെന്റ് നിയോഗിച്ച മെഡിക്കൽ കോളജിലെ ഡോക്്ടർമാർ, പോസ്റ്റുമോർട്ടം സർജർ എന്നിവർ നൽകിയ റിപ്പോർട്ടിൽ മനപൂർവം വെള്ളത്തിൽ ചാടിച്ചു കൊലപ്പെടുത്തിയെന്ന റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. 186 സാക്ഷികൾ, സയിന്റിഫിക് എക്സ്പേർട്ട്, റിക്കാർഡുകൾ, മഹസർ ഉൾപ്പെടെ 180 പ്രമാണങ്ങൾ, 20 രേഖകൾ എന്നിവയും കോടതിയിൽ സമർപ്പിച്ചു.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. മധ്യമേഖല ഐജി വിജയ് സാക്കറ, കോട്ടയം ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ എന്നിവർ മേൽനോട്ടം വഹിച്ചു. പാലാ ഡിവൈഎസ്പി വിനോദ് കുമാർ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാർ എന്നവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വിദേശത്തിരുന്ന് സഹോദരൻ ഷാനു ചാക്കോ ആസൂത്രണം ചെയ്ത കൊലപാതകമാണ് കെവിന്റെതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പിതാവ് ചാക്കോയ്ക്കും ആസൂത്രണത്തിൽ പങ്കുണ്ട്. കൊലപാതകം ആസൂത്രണം ചെയ്ത ഷാനു സന്ദേശങ്ങൾ പിതാവ് ചാക്കോയ്ക്ക് ഷാനു കൈമാറി. കെവിനെ കൊലപ്പെടുത്തുന്നതിനായി ബോധപൂർവം പുഴയിൽ ചാടിക്കുകയായിരുന്നു.
നിയാസിന്റെ നേതൃത്വത്തിൽ ആറംഗ സംഘമാണ് കെവിനെ പുഴയിലേക്കോടിച്ചത്. 13 മൊബൈലുകളും നാല് ആയുധങ്ങളും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത കെവിന്റെ ലുങ്കിയുമാണ് പ്രധാന തെളിവുകൾ. 186 സാക്ഷികളും 118 രേഖകളും കേസിൽ ഉണ്ട്.