കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് കവാടത്തിൽ മാവോയിസ്റ്റുകളെത്തി. വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലെ പൂക്കോട് വെറ്ററിനറി കോളേജിന്റ പ്രവേശന കവാടത്തിലാണ് ഇന്ന് പുലർച്ചെ മൂന്നംഗ മാവോവാദികളെത്തിയത്. സ്ഥലത്ത് കണ്ടെത്തിയ സ്ഫോടക വസ്തുവെന്ന് തോന്നിപ്പിക്കുന്ന പദാർഥം പോലീസ് പരിശോധിച്ചു.
സിപിഐ മാവോയിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ 14-ാം വാർഷികോത്സവത്തിന് അഭിവാദ്യമർപ്പിച്ചും ആശയ പ്രചാരണം നടത്തിയുമുള്ള പോസ്റ്ററുകളും ബാനറുകളും ഇവിടെ സ്ഥാപിച്ചാണ് സംഘം മടങ്ങിയത്. സ്ഫോടക വസ്തുവെന്ന് സംശയിക്കുന്ന വസ്തുവിന് സമീപം അപായ ചിഹ്നം രേഖപ്പെടുത്തി ബാനർ വലിച്ചുകെട്ടിയിട്ടുണ്ട്. കൽപ്പറ്റ ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന്റ നേതൃത്വത്തിൽ പോലീസ്, ബോംബ് സ്ക്വാഡ്, തണ്ടർബോൾട്ട് സംഘം പരിശോധന നടത്തി.
ഇന്ന് പുലർച്ചെ മൂന്നോടെയാണ് ആയുധധാരികളായ മൂന്നംഗ മാവോവാദികൾ എത്തിയതെന്നാണ് റിപ്പോർട്ട്. ഗേറ്റ് വാച്ചർ പ്രഭാകരൻ ഇവരെ തടയാൻ ശ്രമിച്ചതായും എന്നാൽ വാച്ചറെ ഭീഷണിപ്പെടുത്തി മൊബൈൽ വാങ്ങി കൈവശപ്പെടുത്തുകയും ബാനറുകളും കൊടികളും സ്ഥാപിച്ച് തിരികെ പോകുന്നതിന് മുൻപാണ് മൊബൈൽ തിരിച്ചു നൽകിയതെന്നും വാച്ചർ പറഞ്ഞു.
ഹാർഡ് ബോർഡ് കൊണ്ട് പൊതിഞ്ഞ് വയറുകൾ ചുറ്റിവരിഞ്ഞ നിലയിലുള്ള ഒരു വസ്തു കവാടത്തിലെ തൂണുകൾക്കിടയിൽ വെച്ചതാണ് ആശങ്കക്കിടയാക്കി. ഇതിന്റെ പരിസരത്ത് അപായ ചിഹ്നം വരച്ചതും അത് കളയാൻ ശ്രമിച്ചാൽ അപകടുണ്ടാകുമെന്ന് രേഖപ്പെടുത്തിയതമായ ബാനറും സ്ഥാപിച്ചിരുന്നു.
ജനകീയ യുദ്ധം ഭീകരവാദമല്ല; ജനങ്ങളുടെ വിമോചനത്തിനുള്ള മാർഗമാണെന്നും സാമ്രജ്യത്വ സേവ നടത്തുന്ന അർധ ജന്മിത്വ ദല്ലാൾ ഉദ്യോഗസ്ഥ മുതലാളിത്ത ഇന്ത്യൻ ഭരണവർഗ അധികാര കേന്ദ്രത്തെ സായുധ വിപ്ലവത്തിലൂടെ അട്ടിമറിക്കുകയും പുത്തൻ ജനാധിപത്യ ഇന്ത്യ കെട്ടിപടുക്കുകയും ചെയ്യണമെന്നും ബാനറുകളിൽ ആഹ്വാനം ചെയ്യുന്നു. അധികാരം കൊയ്യാൻ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുകയെന്ന് എഴുതിയ ബാനർ സ്ഥാപിച്ച് മാവോ വാദികൾ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നുമുണ്ട്.
ചൂഷണത്തിനും മർദനത്തിനുമെതിരെ ഏവരും ഐക്യപ്പെടണമെന്നും സിപിഐ മാവോയിസ്റ്റ് പാർട്ടിയുടെ 14-ാം ലയനത്തെ ഉയർത്തി പിടിക്കണമെന്നും ഈ ലയനം ചരിത്രപരമായ നേട്ടമാണെന്നും ബാനറുകളിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. സ്ഥാപിച്ചിരിക്കുന്ന ബാനറുകളിലും പോസ്റ്ററുകളിലും ജനങ്ങളെ സായുധ വിപ്ലവത്തിലേക്ക് നയിക്കുന്ന ആഹ്വാനങ്ങളുള്ളത് അതീവ ജാഗ്രതയോടെയാണ് പോലീസ് നോക്കി കാണുന്നത്.