അരിന്പൂർ: നൊന്ത് പ്രസവിച്ച മകനെ വെട്ടിക്കൊന്ന ഘാതകനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ദേഷ്യവും സങ്കടവും സഹിക്കാനാകാതെ അമ്മ അരിവാളുമായി പാഞ്ഞു വന്നു.പോലീസും നാട്ടുകാരും ചേർന്ന് പിന്തിരിപ്പിച്ചു.
ഇന്ന് രാവിലെ അരിന്പൂർ നാലാംകല്ല് കായൽ റോഡിലെ നാല് സെന്റ് കോളനിയിലെ കലേഷിനെ വെട്ടിക്കൊന്ന കേസിലെ പ്രതി രതീഷി നെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് ഈ രംഗം.
കോളനിയിലെ സ്ത്രീകളടക്കം കൊലക്കേസ് പ്രതി രതീഷി നെ കണ്ടപ്പോൾ രോഷാകുലരായി. ഇവനെ കോളനിയിലേക്ക് കടത്തരുതെന്ന് ചില വീട്ടമ്മമാർ വിളിച്ച് പറയുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് നിരവധി പേരാണ് ഇന്ന് രാവിലെ തടിച്ച് കുടിയത്. എന്നാൽ ഒന്നും സംഭവി ക്കാത്തത് പോലെ യാതൊരു കൂസലുമില്ലാതെയാണ് പ്രതി രതീഷ് നിന്നിരുന്നത്.
ആദ്യം വീട്ടിലേക്കാണ് പ്രതിയെ പോലീസ് കൊണ്ടു പോയത്.സംഭവ ദിവസം വൈകീട്ടുണ്ടായ കാര്യങ്ങൾ പോലിസി നോട് പ്രതി വെളിപ്പെടുത്തി. അതിനു ശേഷം കലേഷിനെ വെട്ടിക്കൊന്ന കോളനി റോഡിലെ കടയുടെ മുന്നിലേക്ക് പ്രതി രതീഷിനെ കൊണ്ടുവന്നു. കൊലപാതകത്തിനു ശേഷം ഒളിച്ചിരുന്ന ബന്ധുവീട്ടിലും പ്രതിയുമായി തെളിവെടുപ്പ് നടത്തി.
അന്തിക്കാട് എസ്.എച്ച്.ഒ.പി. കെ. മനോജ് കുമാർ, എ.എസ്.ഐ.വിൽസൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് കാവലിൽ അതീവ ജാഗ്രതയോടെയാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. എന്നാൽ പ്രതി താൻ ആരേയും കൊന്നട്ടില്ലെന്നും ഭാര്യയെ വെട്ടിയില്ലെന്നും നിഷേധിച്ച് പറയുന്നുണ്ടായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി ഇന്ന് തൃശൂരിലെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാലു സെന്റ് കോളനി റോഡിൽ കരിയാറ്റിൽ കുട്ടൻ മകൻ കലേഷിനെ – 35 ഇതേ കോളനിയിലെ മുറ്റിച്ചൂരി വീട്ടിൽ രതിഷ് വെട്ടിക്കൊന്നത്.രതീഷ് ഭാര്യ ജ്യോതിയെ വെട്ടിയ ശേഷം പരിസരത്തെ വീടുകളിൽ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതി രതീഷ് കലേഷിന്റെ വീട്ടിൽ കയറി വെട്ടിയത്.