സ്വന്തം ലേഖകൻ
തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങളിൽ കരാർ കന്പനിക്കും ദേശീയപാത അഥോററ്റിക്കും എതിരേ പീച്ചി പോലീസ് കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യക്കാണു കേസ്. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജി പരിഗണിച്ച് കോടതി കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കാൻ കഴിഞ്ഞ വർഷം ജൂലൈയിൽ ഉത്തരവിട്ടിരുന്നു. എന്നാൽ അതു നടപ്പാക്കിയില്ലെന്ന് പിന്നീട് ഹൈക്കോടതി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടു ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലീസിനേയും ഹൈക്കോടതി ചുമതലപ്പെടുത്തിയതാണ്.
സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതുമൂലം ഇതിനകം വാഹനാപകടങ്ങളിലായി 18 പേർ മരിച്ചെന്നു ഷാജി കോടങ്കണ്ടത്ത് ഹർജിയിൽ ചൂണ്ടിക്കാട്ടി. മരണത്തിനു കരാർ കന്പനിക്കെതിരേ നരഹത്യക്കു കേസെടുക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.ദേശീയപാത നിർമാണത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷാജിയുടെ നേതൃത്വത്തിൽ ഒന്നര വർഷമായി നിയമപോരാട്ടങ്ങൾ നടക്കുകയാണ്.
ആറുവരിപ്പാത നിർമാണം നടക്കുന്ന മണ്ണുത്തി- വടക്കഞ്ചേരി ദേശീയ പാതയിൽ നിർമാണ കരാറുകാർ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ മണ്ണുത്തി, പട്ടിക്കാട്, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകളിലെ സബ് ഇൻസ്പെക്ടർമാരോടും മേൽനോട്ടം വഹിക്കാൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണറോടും പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിനോടും കഴിഞ്ഞ വർഷം ജൂലൈയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
നാഷണൽ ഹൈവേ അതോറിറ്റി ചെയർമാൻ, പ്രോജക്ട് എൻജിനിയർ, നിർമാണ കരാർ ഏറ്റെടുത്തു പണി നടത്തുന്ന കഐംസി കന്പനി, പ്രോജക്ട് എൻജിനിയർ എന്നിവർക്കെതിരേ സമർപ്പിച്ച ഹർജിയിലാണ് ഈ ഉത്തരവ്. നിർമാണത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചു പരിശോധിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ കോടതി നിയോഗിച്ചയച്ച അഭിഭാഷക കമ്മീഷൻ കെ.ആർ. സുനിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരുന്നു.