തൃശൂർ: നാലു ഗുണ്ടകൾക്ക് കാപ്പാ പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്റെ സംഘാംഗമായ വടൂക്കര കാഞ്ഞിരംകോട് വീട്ടിൽ പുല്ലൻ അനിൽ എന്ന അനിൽ, അയ്യന്തോൾ കോലൊപറന്പിൽ മാഞ്ഞാമറ്റത്തിൽ വീട്ടിൽ സാബു വിൽസണ്, ഒളരിക്കര തട്ടിൽ മെൽജോ, പറവട്ടാനി ചിറയത്ത് വീട്ടിൽ ജോമോൻ എന്നിവരെയാണ് വിലക്കിയത്.
ജോമോന് ആറു മാസവും മറ്റുള്ളവർക്ക് ഒരു വർഷവുമാണ് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത്കുമാറാണ് കാപ്പ പ്രകാരം ഇവർ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിട്ടത്.
വീട്ടിലും കോഴിക്കടയിലും കയറി ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയുടെ പേരിൽ കൊലപാതക ശ്രമത്തിനും ഫ്ളാറ്റിൽ കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസിലുമടക്കം നിരവധി കേസുകളിലെ മുഖ്യപ്രതിയാണ് പുല്ലൻ അനിൽ.
കൊഴിഞ്ഞാംപാറ സ്വദേശി പ്രഭോഷിനെ വെട്ടിക്കൊന്ന കേസിലും ഷോപ്പിംഗ് മാളിൽ വെച്ചുണ്ടായ തർക്കത്തിൽ കൂർക്കഞ്ചേരി സ്വദേശിയായ ഡോക്ടറുടെ ഫ്ളാറ്റിൽ കയറി കൈ തല്ലിയൊടിച്ച കേസിലും ടെംപോ കവർച്ച ചെയ്ത കേസിലും പ്രതിയാണ് സാബു വിൽസണ്.
ആശുപത്രിയിൽ കയറി ഗുണ്ടയെ കൊല്ലാൻ ശ്രമിച്ച കേസടക്കം പല കേസുകളും മെൽജോയുടെ പേരിലുണ്ട്. ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് വ്യാപാരികളെയും മറ്റും ദേഹോപദ്രവം ഏൽപ്പിച്ച കേസുകളിലും സ്ത്രീകളെ ആക്രമിച്ച കേസിലുമടക്കം നിരവധി കേസുകളിൽ പ്രതിയാണ് ജോമോൻ.
വിലക്ക് കാലയളവിൽ തൃശൂർ ജില്ലയ്ക്ക് പുറത്തു മാത്രമേ ഇവർക്ക് താമസിക്കാനാവൂ. വ്യവസ്ഥകൾക്ക് വിരുദ്ധമായി വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവരെ ജില്ലയിൽ നിയമവിരുദ്ധമായി താമസിപ്പിക്കുന്നവർക്കെതിരെയും ശിക്ഷാ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
്