മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച മലയോര ഹൈവേ നിർമാണം പ്രതിസന്ധിയിൽ. കുടിയേറ്റ പ്രദേശമായ അലനല്ലൂരിലെ പൊൻപാറയിൽനിന്നും കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് വരെയുള്ള 19 കിലോമീറ്റർ ദൂരം വരുന്നതാണ് ഈ ഹൈവേ.
പ്രഖ്യാപനം കഴിഞ്ഞ് നാളുകളേറെയായിട്ടും ഇതുവരെയും തുടർപ്രവർത്തനം നടന്നിട്ടില്ല. കഴിഞ്ഞ സാന്പത്തികവർഷത്തിലെ ബജറ്റിൽ മലയോര ഹൈവേയ്ക്കായി ഫണ്ട് വകയിരുത്താത്തതാണ് നിർമാണം പ്രതിസന്ധിയിലാകാനുള്ള പ്രധാനകാരണം. പൊൻപാറമുതൽ തിരുവിഴാംകുന്ന് വരെയുള്ള ഭാഗം വീതികുട്ടുന്നതിനു കിഫ്ബിയിൽനിന്നും ഫണ്ട് അനുവദിച്ചിരുന്നു.
സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുത്താൽ മാത്രമേ മലയോര ഹൈവേയ്ക്ക് ആവശ്യമായ വീതിയുണ്ടാകൂ. ഈ വർഷത്തെ ബജറ്റിൽ ഫണ്ട് വകയിരുത്തിയാൽ മാത്രമേ തുടർപ്രവർത്തനങ്ങൾ നടക്കൂ. എടത്തനാട്ടുകരയിലെ കോട്ടപ്പള്ളയിൽനിന്നും തുടങ്ങി പൊൻപാറ, തിരുവിഴാംകുന്ന്, കോട്ടോപ്പാടം വഴി കുമരംപുത്തൂർ, പാണ്ടിക്കാട് സംസ്ഥാനപാതയിലേക്കും തുടർന്നു മലയോര ഹൈവേയിലേക്കുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതിരേഖ വിഭാവനം ചെയ്തിരിക്കുന്നത്.
നാല്പതു കിലോമീറ്ററോളം ദൂരംവരുന്ന ഹൈവേയുടെ 19 കിലോമീറ്ററിൽ മാത്രമാണ് കാര്യമായ തുക സർക്കാരിന് വിനിയോഗിക്കേണ്ടിവരികയുള്ളു. ബാക്കി റോഡെല്ലാം ഉപയോഗയോഗ്യമാണ്. 2009-ൽ അന്നത്തെ മണ്ണാർക്കാട് എംഎൽഎ ജോസ് ബേബിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്നും മലയോര ഹൈവേയിൽ ഉൾപ്പെടുന്ന കോട്ടപ്പള്ള-അന്പലപ്പാറ റോഡിന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ സഹായം ലഭിച്ചില്ലെങ്കിൽ പദ്ധതി പാളിപോകാൻ സാധ്യത ഏറെയാണ്.
തിരുവിഴാംകുന്ന്, അന്പലപ്പാറ, ചളവ, ഉപ്പുകുളം ഭാഗങ്ങളിലായി ആയിരത്തോളം മലയോര കുടിയേറ്റ കർഷകരാണ് താമസിക്കുന്നത്.