മഞ്ചേരി: മധ്യവയസ്കനെ മരത്തടി കൊണ്ടു തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ശിക്ഷ വിധിച്ചു. തമിഴ്നാട് കടലൂർ കാട്ടുമുന്നാർകുടി കതിരുമേട് വടക്കുമാൻകുടി ചിന്നയ്യന്റെ മകൻ സി. ദേവദാസി (52) നെയാണ് ശിക്ഷിച്ചത്.
കുറ്റിപ്പുറം പഴയ റെയിൽവേ ഗേറ്റിന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പാലക്കളത്തിൽ സൈതലവിയുടെ മകൻ മുഹമ്മദ് സിദ്ദിഖ് (50) ആണ് കൊല്ലപ്പെട്ടത്. 2016 ആഗസ്റ്റ് ഒന്പതിനു രാത്രി 8.30നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളും കൂലിപ്പണിക്കാരുമായ ഇരുവരും ഒരേ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു.
മുറിയുടെ വാടക സംബന്ധിച്ചും പ്രതി ഉച്ചത്തിൽ ഫോണ് വിളിച്ചതു സംബന്ധിച്ചുമുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വളാഞ്ചേരി സിഐ കെ.എം സുലൈമാനാണ് 2016 ആഗസ്റ്റ് 22ന് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും.
ഇന്ത്യൻ ശിക്ഷാ നിയമം 304 പ്രകാരം മന:പൂർവമല്ലാത്ത നരഹത്യ എന്ന വകുപ്പിലാണ് കോടതി ശിക്ഷ വിധിച്ചത്. 41 സാക്ഷികളിൽ 24 പേരെ കോടതി മുന്പാകെ വിസ്തരിച്ചു. 20 രേഖകളും നാല് തൊണ്ടി മുതലുകളും ഹാജരാക്കി. കോടതി വിധിച്ച പിഴ സംഖ്യ അടക്കുന്നപക്ഷം കൊല്ലപ്പെട്ടയാളുടെ മകനു നൽകാനും അടയ്ക്കാത്തപക്ഷം ആറു മാസത്തെ അധിക തടവ് അനുഭവിക്കാനും കോടതി വിധിച്ചു