തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും നില ഗുരുതരമായി തുടരുന്നു. നട്ടെല്ലിനും തുടയെല്ലിനും സാരമായി പരിക്കേറ്റ ബാലഭാസ്കറിനെ ചൊവ്വാഴ്ച അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. വെന്റിലേറ്ററിൽ തുടരുന്ന ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.
ബാലഭാസ്കറിന് നട്ടെല്ലിനും കഴുത്തിനും ക്ഷതമേറ്റിട്ടുണ്ട്. ലക്ഷ്മിക്കു തലയ്ക്കും കൈകാലുകൾക്കുമേറ്റ പരിക്കുകൾക്കു പുറമെ ആന്തരിക രക്തസ്രാവവുമുണ്ട്. ലക്ഷ്മിയുടെ കാലുകൾക്ക് ഒടിവുണ്ട്. വാഹനം ഓടിച്ചിരുന്ന അർജുൻ എന്ന യുവാവിന് തലയ്ക്ക് പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ബാലഭാസ്കർ- ലക്ഷ്മി ദന്പതികളുടെ ഏക മകൾ ഒന്നര വയസുകാരിയായ മകൾ തേജസ്വിനി മരിച്ചിരുന്നു. പതിനാറ് വർഷത്തെ കാത്തിരിപ്പിനും പ്രാർഥനകൾക്കും ഒടുവിലാണ് ഇരുവർക്കും പിറന്ന കുഞ്ഞാണ് ദുരന്തത്തിനിരയായത്. കുഞ്ഞ് മരിച്ച വിവരം ഇരുവരെയും അറിയിച്ചിട്ടില്ല. തേജസ്വിനിയുടെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ ദേശീയപാതയിൽ മംഗലപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാന്പിന് സമീപമായിരുന്നു അപകടം. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
വാഹനം ഓടിച്ചിരുന്ന അർജുൻ ഒന്നര ആഴ്ച മുന്പാണ് ബാലഭാസ്കറിന്റെ ഡ്രൈവറായെത്തിയത്. ആദ്യമായാണ് ഇവർ ഒരുമിച്ച് ദീർഘദൂരയാത്ര പോയതെന്നാണ് വിവരം. സാധാരണ ദീർഘദൂരയാത്ര പോകുന്പോൾ ബാലഭാസ്കറോ മാനേജർ തന്പിയോ ആണ് വാഹനമോടിക്കാറുള്ളതെന്ന് സുഹൃത്തുക്കൾ പറയുന്നു.