ആലത്തൂർ: കാവശേരി മാടന്പിക്കാട്ടിലെ തുവരക്കാട്ടിൽ വീടിന്റെ ഉമ്മറപ്പടി പതിനെട്ടുവർഷം കാത്തുസൂക്ഷിച്ച കിച്ചുവിന് വീട്ടുവളപ്പിൽ അന്ത്യവിശ്രമം. ഇനിയുള്ള 11 ദിവസം ഇവർക്ക് കുടുംബാംഗം മരിച്ചാലെന്നപോലെ തന്നെയാണ്. ആണ്ടിയപ്പുവിനും ഭാര്യ വത്സലകുമാരിക്കും മക്കൾക്കും അവൻ കുടുംബാംഗം തന്നെയായിരുന്നു.
ആണ്ടിയപ്പുവിന്റെ മക്കളായ അരുണും അജയും 18 വർഷംമുന്പാണ് തങ്ങളുടെ അധ്യാപകനായ മന്ദംപറന്പിലെ രാമചന്ദ്രൻ നല്കിയ നായക്കുട്ടിയെ വീട്ടിൽ കൊണ്ടുവന്നത്. വീട്ടിലും മുറ്റത്തും കളിച്ചുവളർന്നു. ഉമ്മറപ്പടി തന്റെ സാമ്രാജ്യമാക്കി.
കാവശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായ ആണ്ടിയപ്പുവിന്റെ വീട്ടിൽ വരുന്നവരിൽ വെള്ളവസ്ത്രം ധരിച്ചവർക്ക് നായയെ പേടിക്കാതെ വരാം. അല്ലാത്തവരെ ഒന്നു ചോദ്യം ചെയ്തേ വീട്ടിൽ കയറ്റൂ. വീട്ടുകാർ ഓക്കെ പറയണമെന്നു മാത്രം.
ആണ്ടിയപ്പുവും ഭാര്യയും പാടത്ത് പോകുന്പോൾ ഒപ്പം ഉണ്ടാകും. പശുവിനെ തീറ്റാൻ കൊണ്ടുപോയാൽ കയറിന്റെ അഗ്രം കടിച്ചുപിടിച്ച് നിയന്ത്രണം ഏറ്റെടുക്കും. രാവിലെ വിതരണക്കാരന്റെ കൈയിൽനിന്ന് പത്രംവാങ്ങി കടിച്ചുപിടിച്ച് കേടുകൂടാതെ വീട്ടിലെത്തിക്കും. ഈ മിടുക്കുകൊണ്ട് മാധ്യമങ്ങളിൽ ഒരിക്കൽ വാർത്താതാരമാകുകയും ചെയ്തു.
കെട്ടിയിടാത്ത കിച്ചുവിനു വീട്ടിൽ ഉണ്ടാക്കുന്നതിന്റെ ഒരോഹരിയായിരുന്നു ഭക്ഷണം. അപരിചിതരുടെ നേർക്ക് കുരച്ചുചാടുമെങ്കിലും വീട്ടുകാർ പറഞ്ഞാൽ അപ്പോൾ അടങ്ങും. പറയുന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയിരുന്നു. അനുസരണവും വിശ്വസ്തയുമായിരുന്നു മുഖമുദ്ര.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കിച്ചുവിന്റെ അന്ത്യം. മൃതദേഹത്തിൽ പൂമാല ചാർത്തി തലയ്ക്കൽ നിലവിളിക്കു കൊളുത്തി കിടത്തി. എല്ലാവർക്കും ചിരപരിചിതനായിരുന്നതിനാൽ വിവരം അറിഞ്ഞ് നിരവധിപേർ പിറ്റേന്ന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഉച്ചയോടെ വീട്ടുവളപ്പിൽ കുഴിയെടുത്ത് സംസ്കരിച്ചു. ഇങ്ങനെ ചെയ്യണമെന്ന് വീട്ടുകാർ നേരത്തേ തീരുമാനിച്ചിരുന്നതാണ്.